ഗാസിയാബാദ്: ഉത്തർപ്രദേശ് ഗാസിയാബാദിലെ വിജയ്നഗറിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. വിക്രം ജോഷി എന്നയാൾക്കാണ് വീടിനടുത്ത് വെച്ച് തിങ്കളാഴ്ച വെടിയേറ്റത്. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു.
വെടിയേറ്റ് വിക്രം ജോഷിയുടെ തലയിലെ ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. പൊലീസ് നിഷ്ക്രിയത്വം പാലിച്ചതായ ബന്ധുക്കളുടെ പരാതിയിൽ സ്റ്റേഷൻ ചുമതലയുള്ള പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അക്രമം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അനന്തിരവളെ ചില യുവാക്കൾ അധിക്ഷേപിച്ചിരുന്നുവെന്നും വിക്രം ജോഷി ഇത് എതിർക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിെൻറ സഹോദരൻ അനികേത് ജോഷി പറഞ്ഞു.
സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.