ഝാർഖണ്ഡ് വിദ്യാർഥി പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നുവെന്ന് ആരോപണം
text_fieldsറാഞ്ചി: ജെ.പി.എസ്.സി-ജെ.എസ്.എസ്.സി നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകൻ അമൻ ചോപ്രയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. റാഞ്ചിയിലെ ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് പൊലീസ് തന്നെ സമീപിച്ചതെന്നും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തശേഷം എഫ്.ഐ.ആറിന്റെ പകർപ്പ് നൽകിയെന്നും അമൻ ചോപ്ര പറഞ്ഞു.
ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള പ്രതിഷേധങ്ങളും മാർച്ചും റിപ്പോർട്ട് ചെയ്ത മറ്റ് നിരവധി മാധ്യമപ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമൻ ചോപ്ര പറഞ്ഞു. ഝാർഖണ്ഡ് നിയമസഭയിലേക്ക് ജെ.പി.എസ്.സി–ജെ.എസ്.എസ്.സി ഉദ്യോഗാർഥികൾ നടത്തിയ മാർച്ചും തുടർന്നുണ്ടായ പൊലീസ് നടപടികളും റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടയാൻ ഹേമന്ത് സോറൻ സർക്കാർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ പുറത്തുവരുമെന്ന ആശങ്കയിലാണ് സർക്കാർ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡ് സർക്കാർ പത്രപ്രവർത്തകരെ വേട്ടയാടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ‘പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു മാധ്യമപ്രവർത്തകനിൽ നിന്ന് ഹേമന്ത് സോറന്റെ സർക്കാർ എന്താണ് അറിയാൻ ആഗ്രഹിക്കുന്നത്? മാധ്യമപ്രവർത്തകർ അവരുടെ ജോലി ചെയ്യുന്നതിൽ സർക്കാർ എന്തിനാണ് ഇത്ര അസ്വസ്ഥത കാണിക്കുന്നത്?’ ബി.ജെ.പി നേതാവ് അമിത് മാളവ്യ ചോദിച്ചു.
അതേസമയം, ജെ.പി.എസ്.സി–ജെ.എസ്.എസ്.സി പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭം തിങ്കളാഴ്ച സംഘർഷഭരിതമായി. നിയമസഭാ മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഉദ്യോഗാർഥികൾ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രതിഷേധക്കാർ അറിയിച്ചു. ഒമ്പത് ദിവസമായി നിരാഹാര സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോയും ആംബുലൻസിൽ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. അതേസമയം, നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്താൻ തയാറാണെന്ന് മന്ത്രി ദീപിക പാണ്ഡെ സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

