യു.പിയിൽ മാധ്യമപ്രവർത്തകനെ പൊലീസ് പിടികൂടി; ഒടുവിൽ ക്ഷമാപണം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലഖ്നോവിൽ മാധ്യമ പ്രവർത്തകനെയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഹിന്ദു’വിലെ മാധ്യമപ്രവർത്തകനായ ഉമർ റഷീദിനെയാണ് കലാപകാരിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. തെൻറ സുഹൃത്ത് റോബിൻ വർമയെയും കസ്റ്റഡിയിലെടുത്തതായും ഹസ്രദ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസുകാർ ബെൽറ്റ്കൊണ്ട് അടിച്ചതായും ഉമർ റാഷിദ് പറഞ്ഞു.
‘‘ഞാൻ ഒരു മാധ്യമപ്രവർത്തകനാണെന്ന് അവരോട് പറഞ്ഞിരുന്നു. എെൻറ തിരിച്ചറിയൽ കാർഡ് കാണിച്ചു. എന്തിനാണ് എന്നെ പിടികൂടുന്നതെന്ന് ചോദിച്ചു. അവർ എെൻറ ഫോൺ പിടിച്ചെടുക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ’’ -ഉമർ റാഷിദ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
താനാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച നടന്ന പ്രതിഷേധ സമരം സംഘടിപ്പിച്ചതെന്നും തനിക്കെതിരെ ഗൂഢാലോചനക്ക് കേസെടുക്കുമെന്നാണ് പൊലീസ് ആരോപിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അൽപസമയത്തിനു ശേഷം തങ്ങളെ സുൽത്താൻപുരി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ഉത്തർപ്രദേശ് ഡി.ജി.പി ഒ.പി സിങ് ഇടപെട്ടതിനു ശേഷം വിട്ടയക്കുകയുമായിരുന്നു. പിന്നീട് തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുത്തതിന് ഹസ്രദ്ഗഞ്ച് സർക്കിൾ ഓഫീസർ അഭയ് കുമാർ നേരിൽ കണ്ട് ക്ഷമാപണം നടത്തി.
തെറ്റിദ്ധാരണയുടെ പേരിലാണ് കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്ന് വ്യക്തമാക്കികൊണ്ട് തന്നെ അധിക്ഷേപിച്ച പൊലീസുകാർ ക്ഷമാപണം നടത്തിയെന്നും ഉമർ റാഷിദ് പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകനെ കസ്റ്റഡിയിലെടുത്തെന്ന ആരോപണം ഹസ്രദ്ഗഞ്ച് പൊലീസ് അധികൃതർ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
