'രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രം'; പഹൽഗാമിൽ കൊല്ലപ്പെട്ട ആദില്‍ ഷായുടെ പിതാവിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം.പി
text_fieldsശ്രീനഗർ: പഹൽഗാമിലെ ടൂറിസ്റ്റുകൾക്ക് നേർക്ക് തീവ്രവാദികൾ നിറയൊഴിച്ചപ്പോൾ ജീവൻ തൃണവത്ഗണിച്ച് പോരാടി മരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ പിതാവിനെ സന്ദർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. സി.പി.എം ജന. സെക്രട്ടറി എം. എ. ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം പഹൽഗാമിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ആദിലിന്റെ പിതാവ് സെയ്ദ് ഹൈദര്‍ ഷായുമായുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണിതെന്നാണ് ജോൺ ബ്രിട്ടാസ് എം.പി വിശേഷിപ്പിച്ചത്. ആദില്‍ തീവ്രവാദികളുടെ കൈയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് സ്വയം രക്തസാക്ഷിത്വം വഹിക്കുകയായിരുന്നു.
പഹൽഗാമിലെ കാർ പാർക്കിങ് ഏരിയയിൽ നിന്ന് കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ബൈസരൻ പുൽമേടിലേക്ക് കുതിരപ്പുറത്ത് വിനോദസഞ്ചാരികളെ എത്തിക്കുന്നവരിൽ ഒരാളായിരുന്നു ആദിൽ. അതായിരുന്നു ഏക വരുമാന മാർഗവും. ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരെയൊരു കശ്മീരിയും സയ്യിദ് ആദിൽ ഹുസൈൻ ഷാ ആണ്.
വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദര്‍ ഷാ ഒരിക്കല്‍പോലും ആകുലപ്പെട്ടില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. തന്റെ സഹധർമ്മിണിയേയും രക്തസാക്ഷിയായ ആദലിന്റെ വിധവയെയും കൂട്ടിയാണ് അദ്ദേഹം ഞങ്ങളെ കാണാൻ വന്നത്. കാശ്മീരിനും അതുവഴി രാജ്യത്തിനും ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് സെയ്ദ് ഹൈദർ ഷായുടേത് എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ 'ഓപറേഷൻ സിന്ദൂർ' എന്ന പേരിൽ ഇന്ത്യൻസേന ആക്രമണവും നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.