'ബി.എം.ഡബ്ല്യു പിന്നേയും ഓടിക്കാലോ.., ഒരാഴ്ച കഴിഞ്ഞാൽ കമ്പനി പൂട്ടിപ്പോകുമോ, അല്ലെങ്കിൽ പാർലമെന്റിൽ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാൽ പോരേ'; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്
text_fieldsന്യൂഡൽഹി: നിർണായകമായ പാർലമെന്റ് സമ്മേളന സമയത്ത് വിദേശയാത്രപോയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി. ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കുമ്പോൾ ജർമനിയിൽ ബൈക്ക് ഓടിച്ച് നടക്കുന്ന രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലായ്മയാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
ഇതുപോലുള്ള ജനവിരുദ്ധ ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ അതിന് മുന്നിൽ നിന്ന് പോരാട്ടം നയിക്കേണ്ടയാളല്ലേ പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച ബ്രിട്ടാസ്, രാജ്യത്തിന് ഒരു ഫുൾടൈം പ്രതിപക്ഷ നേതാവിനെയാണ് ആവശ്യമെന്നും പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോൺ ബ്രിട്ടാസ് എം.പിയുടെ വിമർശനം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി 'വിബി-ജി റാം ജി' എന്നാക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ രാജ്യസഭ കഴിഞ്ഞ ദിവസം രാത്രിയിൽ പാസാക്കിയിരുന്നു.
ഇത്രയും പ്രധാനപ്പെട്ട സംഭവികാസങ്ങൾ പാർലമെന്റിൽ നടക്കുമ്പോൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തിന് നേതൃത്വം നൽകണം എന്ന കാര്യത്തിൽ കോൺഗ്രസുകാർക്ക് രണ്ട് അഭിപ്രായമില്ല. ഉത്തരേന്ത്യയിലെ പല കോൺഗ്രസുകാരും ചോദിച്ചു. എവിടെയാണ് മൂപ്പര് പോയിരിക്കുന്നതെന്ന്. രാവും പകലും ആളുകൾ ബില്ലിനെതിരേ പ്രതിഷേധിക്കുമ്പോൾ അദ്ദേഹം ബി.എം.ഡബ്ല്യുവിന്റെ മോട്ടോർബൈക്കും കാറും പരിശോധിക്കുന്നു. ഒരാഴ്ച കഴിഞ്ഞാൽ ഈ കമ്പനി പൂട്ടിപ്പോകില്ലല്ലോ. ഇന്ത്യയിലുള്ള കമ്പനി അല്ലല്ലോ പെട്ടെന്ന് പൂട്ടിപ്പോകാൻ. അല്ലെങ്കിൽ ഇവിടെയും ഉണ്ടല്ലോ ബി.എം.ഡബ്ല്യു കാർ. പാർലമെന്റിൽ കൊണ്ടുവന്ന് ചുറ്റും ഒരു റൌണ്ട് ഓടിച്ചാൽ പോരേ, ബ്രിട്ടാസ് ചോദിച്ചു.
തൊപ്പിയിൽനിന്ന് പ്രാവിനെ എടുക്കുന്ന മജീഷ്യനെ പോലെയാണ് പല നിയമനിർമ്മാണങ്ങളും കേന്ദ്രം കൊണ്ടുവരുന്നത്. കൂടിയാലോചനയോ ചർച്ചകളോ ഇല്ലാതെ ബില്ലുകൾ പാസാക്കുന്നുവെന്ന് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അറിയാം. കുടിലതന്ത്രവുമായി ബിജെപി വരുമെന്ന് അറിയില്ലേയെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
മേശക്ക് മുകളിലേറി ഷാഫിയും ഹൈബിയും ഡീനും; ബില്ലുകൾ കീറിയെറിഞ്ഞ് ഇൻഡ്യ സഖ്യം എം.പിമാർ
മഹാത്മാഗാന്ധിയുടെ ചിത്രങ്ങളേന്തിയ എം.പിമാരെയും കൂട്ടിയാണ് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് പ്രതിഷേധ മാർച്ചുമായി പാർലമെന്റിലെത്തിയത്.
മഹാത്മാ ഗാന്ധി എൻ.ആർ.ഇ.ജി.എ എന്ന കൂറ്റൻ ബാനറുമേന്തിയായിരുന്നു മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം അവതരിപ്പിച്ച വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ -ഗ്രാമീൺ (വിബി-ജി റാം ജി) ബില്ലിനെതിരെ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പിൻഭാഗത്തു നിന്ന് പുതിയ മന്ദിരത്തിലേക്കുള്ള പ്രതിഷേധ മാർച്ച്. പാർലമെന്റ് സമ്മേളിക്കും മുമ്പ് പുറത്ത് അലയടിച്ച പ്രതിഷേധം ലോക്സഭക്കകത്ത് ബിൽ പാസാക്കാനായി കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ എഴുന്നേറ്റതോടെ ഉച്ചിയിലെത്തി.
ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ബുധനാഴ്ച വൈകീട്ട് ആറ് മുതൽ വ്യാഴാഴ്ച പുലർച്ചെ ഒന്നര വരെ നീണ്ട ചർച്ചയിൽ പ്രകടിപ്പിച്ചപ്പോൾ അതിന്റെ മറുപടിക്ക് വ്യാഴാഴ്ച പകൽ സമയം നൽകുകയായിരുന്നു. മുൻ നിരയിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാനെ കാണാതെ അദ്ദേഹം എവിടെയെന്ന് സ്പീക്കർ ഓം ബിർള ചോദിച്ചപ്പോഴാണ് അദ്ദേഹം പ്രതിപക്ഷ പ്രതിഷേധം ഭയന്ന് പിൻനിരയിൽ പോയിരിക്കുകയാണ് എന്നറിയുന്നത്. തുടർന്ന് പിൻനിരയിൽ നിന്നാണ് മറുപടി പ്രസംഗം നടത്താനും ബിൽ പാസാക്കാനുള്ള അനുമതി തേടാനും കേന്ദ്ര മന്ത്രി എഴുന്നേറ്റത്. അപ്പോഴേക്കും ഇടപെട്ട കെ.സി. വേണുഗോപാൽ, ബിൽ സെലക്ട് കമ്മിറ്റിക്കോ ജെ.പി.സിക്കോ വിടണമെന്നാണ് ചർച്ചയിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതെന്നും പാസാക്കരുതെന്നും പറഞ്ഞു.
അതംഗീകരിക്കാതെ ബിൽ പാസാക്കാനായി സ്പീക്കർ മന്ത്രിയെ വിളിച്ചതോടെ ഗാന്ധി ചിത്രങ്ങളുമായി പ്രതിപക്ഷം ഒന്നടങ്കം മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി ബില്ലുകൾ കീറിയെറിഞ്ഞു തുടങ്ങി. ആർ.എസ്.എസ്, മോഹൻ ഭഗവത്, ശ്യാമ പ്രസാദ് മുഖർജി എന്നിവരെയെല്ലാം പുകഴ്ത്തിയുള്ള പ്രസംഗം അവസാനിപ്പിച്ച് മന്ത്രി ബിൽ പാസാക്കാൻ സഭയുടെ അനുമതി തേടിയതും ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവർ സ്പീക്കറുടെ പോഡിയത്തിന് മുൻഭാഗത്തുള്ള ടേബിളിലേക്ക് ഗാന്ധി ചിത്രങ്ങളുമായി ചാടിക്കയറി മുദ്രാവാക്യം വിളി തുടങ്ങി. ഇവർക്കൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ കൂടി കയറി ഗാന്ധി ചിത്രങ്ങൾ ഉയർത്തിക്കാണിച്ചതോടെ സ്പീക്കറെ സഭയിലുള്ളവർക്ക് കാണാൻ കഴിയാതെ വന്നു. ഈ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

