സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി തട്ടിപ്പ്: യു.പിയിൽ ഒരാൾ പിടിയിൽ
text_fieldsധർമ്മേന്ദ്ര പാണ്ഡെ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ സൈനിക ഉദ്യോഗസ്ഥനെന്ന വ്യാജേന ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടിയ സംഘത്തിലെ തലവനെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനപ്രതിയായ ചന്ദൗലി സ്വദേശി ധർമ്മേന്ദ്ര പാണ്ഡെയെയാണ് തിങ്കളാഴ്ച രാത്രി വാരണാസിയിലെ ഭേലുപ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത്. മേഖലയിലെ തൊഴിലില്ലാത്ത യുവാക്കളെ ലക്ഷ്യമിട്ട് പാണ്ഡെ തട്ടിപ്പ് നടത്തിയിവരികയായിരുന്നു. കരസേന, റെയിൽവേ, വിദ്യാഭ്യാസ വകുപ്പ്, വിവിധ പാരാമിലിറ്ററി സേനകൾ തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ ഉദ്യോഗാർഥികളിൽ നിന്ന് വൻതുക മുൻകൂറായി കൈക്കലാക്കിയിരുന്നെന്നാണ് വിവരം.
പ്രതിയുടെ പക്കൽ നിന്ന് വിവിധ വിലാസങ്ങളിലുള്ള ഒന്നിലധികം ആധാർ കാർഡുകൾ, പാൻ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, എ.ടി.എം കാർഡുകൾ, ഹൈസ്കൂൾ മാർക്ക് ലിസ്റ്റുകൾ, വ്യാജ ആർമി ഐ.ഡി കാർഡുകൾ എന്നിവയും കണ്ടെടുത്തു . ഉദ്യോഗാർഥികളിൽ നിന്നും തട്ടിയെടുത്ത പണം നിക്ഷേപിക്കാനായി ഇയാൾ ഈ വ്യാജരേഖകൾ ഉപയോഗിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിരുന്നതായും അധികൃതർ സ്ഥിരീകരിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മിലിട്ടറി ഇന്‍റലിജന്‍സുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ സ്ഥിരം തട്ടിപ്പുകാരനാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥനായി വേഷം കെട്ടിയും വ്യാജ രേഖകൾ കാണിച്ചുമാണ് പാണ്ഡെ യുവാക്കളുടെ വിശ്വാസം പിടിച്ചുപറ്റിയിരുന്നത്. ജോലി ലഭിക്കാത്തതിനെത്തുടർന്ന് ഉദ്യോഗാർഥികൾ പണം തിരികെ ആവശ്യപ്പെടുമ്പോൾ മറ്റ് വകുപ്പുകളിൽ ജോലി നൽകാമെന്ന് പറഞ്ഞ് അവരെ വീണ്ടും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബി.എന്‍.എസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

