‘ഭയപ്പെടില്ല, പതറില്ല... ബി.ജെ.പിക്കെതിരെ പോരാടാൻ ധീരരായ ആളുകളെയാണ് പാർട്ടിക്ക് ആവശ്യം’ -പിളർപ്പ് രാഷ്ട്രീയത്തിന് മറുപടി നൽകി അഖിലേഷ്
text_fieldsലഖ്നൗ: സമാജ്‌വാദി പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്ന യു.പി മന്ത്രി ഓംപ്രകാശ് രാജ്‌ഭറിന്റെ അവകാശവാദത്തെ പരിഹസിച്ച് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭയപ്പെടുന്നവർ പാർട്ടി വിട്ടുപോകുമെന്നും ബി.ജെ.പിക്കെതിരെ പോരാടാൻ ധീരരായ ആളുകളെയാണ് പാർട്ടിക്ക് ആവശ്യമെന്നും അഖിലേഷ് പ്രതികരിച്ചു.
ബി.ജെ.പി എപ്പോഴും പാർട്ടികളെ പിളർത്തിയാണ് മുന്നോട്ടുപോകുന്നത്. മുമ്പ് തങ്ങളുടെ എം.പിമാരെയും എം.എൽ.എമാരെയും അവർ റാഞ്ചിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമാജ്‌വാദി പാർട്ടി തൃണമൂൽ കോൺഗ്രസിനെപ്പോലെ പിളരുമെന്ന ഓംപ്രകാശ് രാജ്‌ഭറിന്റെ പ്രസ്താവന രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായിരുന്നു.
സമാജ്‍വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പട്ടിക കൈമാറിയെന്നും ഈ നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ തയാറാണെന്നും മന്ത്രി അവകാശവാദം നടത്തി. എന്നാൽ, ഇത്തരത്തിൽ കത്ത് നൽകിയിട്ടില്ലെന്ന് പറഞ്ഞ് രാംഗോപാൽ യാദവ് തന്നെ രംഗത്തെത്തി.
അമിത് ഷായോട് തന്നെ ഇക്കാര്യം ചോദിക്കണം. രാജ്‌ഭറിന്റെ വാക്കുകൾക്ക് ആരും വില കൽപിക്കുന്നില്ല. പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ബി.ജെ.പി കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും രാംഗോപാൽ കുറ്റപ്പെടുത്തി.
അതേസമയം, അടുത്തവർഷം യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി പുതിയ തന്ത്രങ്ങൾ മെനയുന്നത്. 403 അംഗ സഭയിൽ 263 എം.എൽ.എമാരാണ് നിലവിൽ ബി.ജെ.പിക്കുള്ളത്. 2017ൽ 322 സീറ്റ് ലഭിച്ച സ്ഥാനത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഈ വീഴ്ച. സമാജ്‍വാദി പാർട്ടിയാകട്ടെ, 2017ലെ 52ൽനിന്ന് 2022ൽ 135ലേക്ക് വൻകുതിപ്പ് നടത്തുകയും ചെയ്തു.
2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും യു.പിയിൽ ബി.ജെ.പി കൂപ്പുകുത്തുകയാണുണ്ടായത്. ആകെയുള്ള 80 സീറ്റിൽ 37 എം.പിമാരെ വിജയിപ്പിക്കാൻ സമാജ്‍വാദി പാർട്ടിക്ക് കഴിഞ്ഞു. 2019ൽ അഞ്ച് സീറ്റിൽ മാത്രമാണ് എസ്.പിക്ക് ലഭിച്ചിരുന്നത്. ബി.ജെ.പി 2019ലെ 62ൽ നിന്ന് 33ലേക്ക് നിലംപതിക്കുകയുണ്ടായി.
ഈ സാഹചര്യത്തിൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തൽ ശ്രമകരമാകുമെന്ന് പാർട്ടി തന്നെ വിലയിരുത്തിയിരിക്കെയാണ് മറ്റു പാർട്ടികളിൽനിന്നുള്ളവരെ ചാക്കിടാനുള്ള ഈ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

