ജെ.എൻ.യു വി.സിയെ തുടരാൻ അനുവദിക്കരുതെന്ന് മുരളി മനോഹർ ജോഷി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസലർ എം. ജഗദേഷ് കുമാറിനെതിരെ വിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവ് മ ുരളി മനോഹർ ജോഷി. ദുശാഠ്യക്കാരനായ വി.സിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് മുരളി മനോഹർ ജോഷി ട്വീറ്റിൽ പറഞ്ഞു. വി.സി രാജിവെക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് ജോഷിയുടെ പ്രസ്താവന.
'ജെ.എ ൻ.യുവിലെ ഫീസ് വർധനക്കെതിരായ സമരം പരിഹരിക്കാൻ പ്രായോഗികമായ നിർദേശങ്ങൾ മാനവവിഭവശേഷി വകുപ്പ് വൈസ് ചാൻസലർക്ക് മുമ്പാകെ മുന്നോട്ടുവെച്ചതായാണ് അറിയുന്നത്. വിദ്യാർഥികളിലേക്കും അധ്യാപകരിലേക്കും ഇറങ്ങിച്ചെല്ലാനും വി.സിയോട് നിർദേശിച്ചിരുന്നു. സർക്കാറിന്‍റെ നിർദേശത്തിന് മുന്നിൽ വി.സി നിർബന്ധബുദ്ധി കാട്ടുന്നത് ഞെട്ടിക്കുന്നതാണ്' -ട്വീറ്റിൽ പറയുന്നു.
വി.സിയുടെ ഈയൊരു സമീപനം അപലപനീയമാണെന്നും വി.സിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നാണ് തന്‍റെ അഭിപ്രായമെന്നും മുരളി മനോഹർ ജോഷി ട്വീറ്റിൽ പറയുന്നു.
ബി.ജെ.പിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളും വാജ്പേയി മന്ത്രിസഭയിലെ മാനവവിഭവ ശേഷി മന്ത്രിയുമായിരുന്ന ജോഷി സമീപകാലത്ത് പല വിഷയങ്ങളിലും കേന്ദ്ര സർക്കാറിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മുഖത്തു നോക്കി സംസാരിക്കുന്ന നേതാക്കളാണ് ഇപ്പോള്‍ രാജ്യത്തിന് വേണ്ടതെന്ന അഭിപ്രായ പ്രകടനം നേരത്തെ വിവാദമായിരുന്നു.