ഉമറിനും ശർജീലിനും ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജെ.എൻ.യുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ബി.ജെ.പി.
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ (ജെ.എൻ.യു) രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കല്ലറ ഒരുക്കുമെന്ന് ഇടത് വിദ്യാർഥി സംഘടനകൾ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചതിന് ഡൽഹി കലാപ ഗൂഢാലോചനാ കുറ്റം ചുമത്തി ജയിലിലടച്ച ജെ.എൻ.യു വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ഇന്നലെ സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച സംഗമത്തിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
തിങ്കളാഴ്ച രാത്രി സബർമതി ഹോസ്റ്റൽ ഏരിയയിൽ വെച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ബി.ജെ.പി ആരോപിക്കുന്നു. ബി.ജെ.പിയുടെ ആരോപണം വിദ്യാർഥി സംഘടനകൾ നിഷേധിച്ചു. 2020 ജനുവരി 5 ന് കാമ്പസിൽ നടന്ന അക്രമത്തെ അപലപിച്ച് എല്ലാ വർഷവും വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്താറുണ്ടെന്ന് ജെ.എൻ.യു സ്റ്റുഡന്റ്‌സ് യൂനിയൻ പ്രസിഡന്റ് അഥിതി മിശ്ര പ്രതികരിച്ചു. പ്രതിഷേധത്തിൽ ഉയർത്തിയ എല്ലാ മുദ്രാവാക്യങ്ങളും പ്രത്യയശാസ്ത്രപരമായിരുന്നു, ആരെയും വ്യക്തിപരമായി ആക്രമിക്കുന്നില്ലെന്നും അഥിതി പറഞ്ഞു.
പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഡൽഹി പൊലീസും പ്രതികരിച്ചത്. എന്നാൽ, ഡൽഹി മന്ത്രിമാരായ ആശിഷ് സൂദും മഞ്ജീന്ദർ സിങ് സിർസയും സംഭവത്തെ അപലപിക്കുകയും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ പിന്തുണക്കുന്നതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.
ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ഒപ്പം ജയിലിലടച്ചിരുന്ന ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് എന്നിവർക്ക് ഇന്നലെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

