Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എന്‍.യു...

ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേക സംഘം; വി.സിയെ 22 മണിക്കൂര്‍ ഘെരാവോ ചെയ്തു

text_fields
bookmark_border
ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനം: അന്വേഷണത്തിന് പ്രത്യേക സംഘം; വി.സിയെ 22 മണിക്കൂര്‍ ഘെരാവോ ചെയ്തു
cancel

ന്യൂഡല്‍ഹി: എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനു പിന്നാലെ കാണാതായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല  (ജെ.എന്‍.യു) വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടത്തെുന്നതിന്  പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശിച്ചു.
വിദ്യാര്‍ഥിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും നിസ്സംഗത തുടരുന്ന അധികൃതര്‍ക്കെതിരെ കാമ്പസില്‍ രോഷം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്.  രണ്ടുതവണ ഡല്‍ഹി പൊലീസ് കമീഷണര്‍ അലോക് കുമാര്‍ വര്‍മയെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് പത്തംഗ പ്രത്യേക സംഘത്തിന് രൂപംനല്‍കിയതായി ഡല്‍ഹി സൗത് ഡി.സി.പി മനീഷ് ചന്ദ്ര അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം നല്‍കിയതായും കണ്ടത്തൊന്‍ സഹായിക്കുന്നവര്‍ക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും അഡീഷനല്‍ ഡി.സി.പി നൂപുര്‍ പ്രസാദും വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചമുതല്‍ 22 മണിക്കൂറോളം വി.സി ഉള്‍പ്പെടെയുള്ളവരെ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചിരുന്നു. വിഷയത്തില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യണമെന്നും നജീബിനെ ആക്രമിച്ചവരെ ഹോസ്റ്റലില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നുമാണ് സമരക്കാര്‍ പ്രധാനമായി ഉന്നയിച്ച ആവശ്യം. കാമ്പസ് ഭരണകാര്യാലയത്തിന് മുന്നില്‍ കാത്തിരുന്നിട്ടും നജീബിന്‍െറ ഉമ്മയുമായി സംസാരിക്കാന്‍പോലും അധികൃതര്‍ കൂട്ടാക്കാതിരുന്നത് വിദ്യാര്‍ഥികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. എന്നാല്‍, എഫ്.ഐ.ആര്‍ നല്‍കാനാവില്ളെന്ന നിലപാട് അധികൃതര്‍ ആവര്‍ത്തിച്ചു. ബുധനാഴ്ച ഉച്ചക്ക് വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന്‍െറ സമരരൂപം രാത്രിയോടെ മാറുകയായിരുന്നു. 

അനാരോഗ്യം പരിഗണിച്ച് സര്‍വകലാശാല രജിസ്ട്രാറെയും  കര്‍വാചൗത്ത് ആചരണം പ്രമാണിച്ച് അനധ്യാപക ജീവനക്കാരെയും പുറത്തുപോകാന്‍ അനുവദിച്ച വിദ്യാര്‍ഥികള്‍  ഭരണകാര്യാലയത്തിന്‍െറ രണ്ടു വാതിലുകളും മൂടുംവിധത്തില്‍ തടിച്ചുകൂടിയിരുന്നു. തങ്ങളെ അനധികൃത തടങ്കലില്‍ വെച്ചിരിക്കുകയാണ് എന്നാണ് വൈസ് ചാന്‍സലര്‍ ഡോ. എം. ജഗദേഷ് കുമാര്‍ ആരോപിച്ചത്. വിദ്യാര്‍ഥികള്‍ നുണ പറഞ്ഞു പരത്തുകയാണെന്നും സര്‍വകലാശാല ഭരണം തടസ്സപ്പെടുത്തിയെന്നും കുറ്റപ്പെടുത്തിയ വി.സി സമരം അവസാനിപ്പിക്കണമെന്ന് രണ്ടുവട്ടം അന്ത്യശാസനവും നല്‍കി. എന്നാല്‍ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ തടയാതെ എല്ലാ മനുഷ്യാവകാശ നിയമങ്ങളും പാലിച്ചാണ് സമരം നടത്തിയതെന്നും വിദ്യാര്‍ഥിയുടെ ജീവന്മരണ പ്രശ്നമാണ് ഇത്തരമൊരു സമരത്തിന് നിര്‍ബന്ധിതമാക്കിയതെന്നും വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ മൊഹിത് പാണ്ഡെ പറഞ്ഞു.

നജീബിനോട് മടങ്ങിവരണമെന്ന് അഭ്യര്‍ഥിച്ചതായും അന്വേഷണ വിവരം നിരന്തരം പൊലീസിനോട് തിരക്കുന്നുണ്ടെന്നും എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും റെക്ടര്‍ അവകാശപ്പെട്ടു. അതിനിടെ ജെ.എന്‍.യുവില്‍ പല വിദ്യാര്‍ഥികളും പഠിക്കാനല്ല, രാഷ്ട്രീയം കളിക്കാനാണ് വരുന്നതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. അതേസമയം, ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍  വെള്ളിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
TAGS:JNUmissing studentnajeeb ahmed
News Summary - jnu student najib ahmed's missing : vc locked inside office
Next Story