രാമനവമിദിനത്തിൽ മാംസാഹാരം വിലക്കിയെന്ന് ജെ.എൻ.യു ഹോസ്റ്റൽ വാർഡൻ
text_fieldsന്യൂഡൽഹി: രാമനവമിദിനമായ ഞായറാഴ്ച ജെ.എൻ.യു ഹോസ്റ്റൽ കാന്‍റീനിൽ സസ്യാഹാരം മാത്രം മതിയെന്ന് നിർദേശം നൽകിയിരുന്നതായി വാർഡൻ ഗോപാൽ റാം. വിദ്യാർഥി മെസ് സെക്രട്ടറിക്കാണ് ചിക്കൻ ഒഴിവാക്കാൻ നിർദേശം നൽകിയത്. എന്നാൽ, 300 കുട്ടികളിൽ 180ഓളം പേർ മാംസം കഴിക്കുന്നവരാണെന്നും ഒഴിവാക്കണമെങ്കിൽ എഴുതി നൽകണമെന്നും മെസ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഇതിന് വാർഡൻ തയാറായില്ല. അതിനിടെ, കാന്‍റീനിലേക്ക് ചിക്കൻ കൊണ്ടുവന്ന വ്യാപാരിയെ എ.ബി.വി.പി പ്രവർത്തകർ തടഞ്ഞ് തിരിച്ചയക്കുന്ന വിഡിയോ പുറത്തുവന്നു. രാമനവമി പൂജ തടസ്സപ്പെടുത്തിയതിനാലാണ് സംഘർഷമുണ്ടായതെന്ന് എ.ബി.വി.പി പ്രചരിപ്പിക്കുന്നതിനിടെയാണിത്. കാവേരി ഹോസ്റ്റലിൽ നടന്ന പൂജയിൽ താൻ പങ്കെടുത്തിരുന്നുവെന്നും പൂജ ആരും തടസ്സപ്പെടുത്തിയിട്ടില്ലെന്നും കാവേരി ഹോസ്റ്റൽ പ്രസിഡന്‍റും എൻ.എസ്.യു ഭാരവാഹിയുമായ നവീൻകുമാർ പറഞ്ഞത് എ.ബി.വി.പിക്ക് തിരിച്ചടിയായി.
കാമ്പസ് സംഘർഷത്തിൽ ജെ.എൻ.യു അധികൃതരോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് തേടി. സംഭവത്തിൽ ജാമിഅ മില്ലിയ വിദ്യാർഥികൾ പ്രതിഷേധിച്ചു. ജാമിഅ കാമ്പസിന്‍റെ എട്ടാം നമ്പർ ഗേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. എ.ബി.വി.പി ആക്രമണത്തിൽ 16ഓളം വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
ചിക്കൻ വിളമ്പുന്നതുമായി ബന്ധപ്പെട്ട സംഘർഷമുണ്ടായതിന്‍റെ തലേ ദിവസമാണ് എ.ബി.വി.പിയുടെ മാംസ'നിരോധന'ത്തിന് വാർഡന്‍റെ പിന്തുണയുണ്ടായത്. എന്നാൽ, സംഘർഷം ഒഴിവാക്കാൻ നിർദേശം നൽകുക മാത്രമാണുണ്ടായതെന്നാണ് വാർഡന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

