ജെഎന്‍-1 കോവിഡ് ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും
text_fieldsന്യൂഡല്‍ഹി: ജെഎന്‍-1 കോവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും കണ്ടെത്തി. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയത്. 19 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഇതിൽ ആശങ്കപ്പെടാനില്ലെന്നും എല്ലാ രോഗികളും ഇതിനകം ഏഴ് ദിവസം പൂർത്തിയാക്കിയെന്നും മറ്റ് സജീവ കേസുകൾ സംസ്ഥാനത്തില്ലെന്നും സംസ്ഥാന എപ്പിഡെമിയോളജിസ്റ്റ് ഡോ പ്രശാന്ത് സൂര്യവംശി അറിയിച്ചു.
കേരളത്തില്‍ നേരത്തെ കണ്ടെത്തിയ കോവിഡ് ഉപവകഭേദമായ ജെഎന്‍-1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. രാവിലെ 10നാണ് യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
രോഗ വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കും. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനവും നിലവില്‍ കേരളത്തിലാണ്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.

