Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവിരുദ്ധ നടപടി: ജമ്മുവിനെ ഒഴിവാക്കി കശ്മീർ താഴ്‌വരയെ മാത്രം ലക്ഷ്യം വെക്കുന്ന ‘ബുൾഡോസർ നീതി’യിൽ വിവേചനമെന്ന് ആരോഗ്യമന്ത്രി

text_fields
bookmark_border
ലഹരിവിരുദ്ധ നടപടി: ജമ്മുവിനെ ഒഴിവാക്കി കശ്മീർ താഴ്‌വരയെ മാത്രം ലക്ഷ്യം വെക്കുന്ന ‘ബുൾഡോസർ നീതി’യിൽ വിവേചനമെന്ന് ആരോഗ്യമന്ത്രി
cancel

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഹരിമരുന്ന് വ്യാപാരികൾക്കെതിരെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ ഭരണകൂടം നടപ്പാക്കുന്ന ‘ബുൾഡോസർ നീതി’യിൽ വിവേചനമുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി സക്കീന ഇത്തൂ.

ലഹരി ഉപയോഗം ജമ്മു മേഖലയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും, നടപടികൾ കശ്മീർ താഴ്‌വരയിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിന് പിന്നിൽ വർഗീയ താൽപര്യങ്ങളുണ്ടെന്ന് മന്ത്രി ആരോപിച്ചു.

ലഹരിമുക്ത ജമ്മു കശ്മീരിനായി നടപ്പിലാക്കുന്ന നൂറുദിവസത്തെ ‘നഷാ മുക്ത് അഭിയാൻ’ ക്യാമ്പയിൻ ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ വിമർശനം.

ഏപ്രിൽ 11 മുതൽ മേയ് അഞ്ചു വരെയുള്ള കാലയളവിൽ 518 പേരെ അറസ്റ്റ് ചെയ്തതായും 24 വസ്തുവകകൾ കണ്ടുകെട്ടുകയോ ഇടിച്ചുനിരത്തുകയോ ചെയ്തതായും ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നടപടികളുടെ കൃത്യമായ പ്രാദേശിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല.

ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലാണ് മുസ്‍ലിം ഭൂരിപക്ഷമുള്ള കശ്മീരിനേക്കാൾ കൂടുതൽ ലഹരി ഉപയോഗം ഉള്ളതെന്ന് ഉമർ അബ്ദുള്ള മന്ത്രിസഭയിലെ പ്രമുഖയായ സക്കീന ഇത്തൂ ചൂണ്ടിക്കാട്ടി.

‘ആരോഗ്യമന്ത്രി എന്ന നിലയിൽ എനിക്ക് പറയാൻ സാധിക്കും, ലഹരിക്ക് അടിമപ്പെട്ടവർ ജമ്മുവിലാണ് കൂടുതൽ. എന്നാൽ നിങ്ങൾ കശ്മീരിലെ വീടുകൾ തകർക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യുന്നു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ മറവിൽ കശ്മീരിനെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ല. നടപടികൾ വിവേചനപരമാകരുത്’- മന്ത്രി പറഞ്ഞു.

ലഹരിക്ക് അടിമപ്പെട്ട കുട്ടികളെ പുനരധിവാസത്തിലൂടെയും കൗൺസിലിങിലൂടെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ വീടുകൾ തകർക്കുകയല്ല വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

അതിർത്തി കടന്നുള്ള ലഹരി മരുന്ന് കടത്ത് തടയാൻ സുരക്ഷാ സേനക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ലഹരി വിപത്തിനെ നേരിടാൻഉമർ അബ്ദുള്ള സർക്കാർ നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കുമെന്നും സക്കീന വ്യക്തമാക്കി.

അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. മന്ത്രിയെ എത്രയും വേഗം മന്ത്രിസഭയിൽനിന്ന് നീക്കാൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള തയ്യാറാകണമെന്ന് ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

ലഹരി മരുന്ന് വ്യാപനത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കുള്ള പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മന്ത്രിയുടെ ആരോപണങ്ങളിൽ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - J&K Minister: Drug Drive Targets Kashmir, Spares Jammu
Next Story