ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം; 20തിലേറെ മരണം; നിരവധി പേരെ കാണാതായി
text_fieldsജമ്മു കശ്മീർ: കിഷ്ത്വാറിലെ ചോസിതിയിൽ വൻ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 20 തിലേറെ പേർ മരിച്ചു. കിഷ്ത്വാറിലെ തീർഥാടന പാതയിലാണ് അപകടം. ഇവിടെയുള്ള ടെന്റുകൾ ഒലിച്ചുപോയി. 40 ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായി. പരിക്കേറ്റവരെ അതുലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തം. ഉടൻ തന്നെ അധികൃതർ നടപടിയെടുക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനത്തിനായി മേഖലയിലെത്തി. സംസ്ഥാന ദുരന്ത നിവാരണ സേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.
കിഷ്ത്വാറിലെ ഡെപ്യൂട്ടി കമീഷണർ പങ്കജ് കുമാർ ശർമ, സീനിയർ പൊലീസ് സൂപ്രണ്ട് നരേഷ് സിങ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ദുരന്ത ബാധിത പ്രദേശത്തേക്ക് തിരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീർ ഗവർണർ മനോജ് സിൻഹയുമായും മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായാണ് റിപ്പോർട്ട്.
ഇരകളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി അധികൃതർ ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഐ.എം.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

