കശ്മീർ: എയർ ഇന്ത്യ വിമാനനിരക്ക് 9500 രൂപയായി നിജപ്പെടുത്തി
text_fieldsശ്രീനഗർ: കശ്മീരിലെ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് വിമാനനിരക്കുകൾ നിജപ്പെടുത്തി എയർ ഇന്ത്യ. ശ്രീനഗറിലേക്കും ശ്രീനഗറിൽ നിന്നുമുള്ള വിമാനങ്ങളുടെ പരമാവധി നിരക്ക് 9,500 രൂപയായാണ് എയർ ഇന്ത്യ നിജപ്പെടുത്തിയത്. ആഗസ്റ്റ് 15 വരെയാണ് ഇത് പ്രാബല്യത്തിൽ ഉണ്ടാവുക.
അമർനാഥ്യാത്രികരോടും വിനോദ സഞ്ചാരികളോടും കശ്മീർ വിടാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. എന്നാൽ, പലർക്കും വിമാന ടിക്കറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ലഭ്യമായ ടിക്കറ്റുകൾക്ക് 10,000 രൂപക്ക് മുകളിലായിരുന്നു നിരക്ക്. ഈയവസരത്തിലാണ് എയർ ഇന്ത്യ ഇളവുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്രാവൽ വെബ്സൈറ്റുകളിലെ വിവരങ്ങൾ പ്രകാരം ശ്രീനഗർ-ഡൽഹി റൂട്ടിലെ വിമാന നിരക്ക് 11,000 മുതൽ 20,000 രൂപ വരെയാണ്. ശ്രീനഗർ-മുംബൈ റൂട്ടിൽ യാത്ര ചെയ്യാൻ ആഗസ്റ്റ് നാലിന് 14,000 രൂപയും നൽകണം. 6200 യാത്രികരാണ് കശ്മീരിൽ നിന്ന് പുറത്ത് പോകാൻ കഴിഞ്ഞ ദിവസം ശ്രീനഗർ വിമാനത്താവളത്തിലെത്തിയത്.
