ജമ്മുകശ്മീരിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സിവിലിയൻമാർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സിവിലിയൻമാർ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. ഒരു കിലോ മീറ്റർ ചുറ്റളവിൽ മൂന്ന് മണിക്കൂറിനുള്ളിലാണ് സംഭവങ്ങളുണ്ടായത്.
ആദ്യസംഭവത്തിൽ അബ്ദുൽ മജീദ് ഗുരുവെന്നയാളാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ചത്താബാലിലായിരുന്നു സംഭവം. കരൺനഗർ ഏരിയയിൽ വെച്ച് ക്ലോസ് റേഞ്ചിൽ നിന്നാണ് ഇയാൾക്കെതിരെ വെടിയുതിർത്തത്. വെടിവെപ്പിൽ പരിക്കേറ്റ മജീദിനെ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
45കാരനായ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ജീവനക്കാരൻ മുഹമ്മദ് ഷാഫി ദറാണ് കൊല്ലപ്പെട്ട മറ്റൊരാൾ. മുഹമ്മദ് ഷാഫിയുടെ വയറിലാണ് ഭീകരരുടെ വെടിയേറ്റത്. ജമ്മുകശ്മീർ പൊലീസ് രണ്ട് സ്ഥലത്തും എത്തുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

