ഒടുവിൽ കണ്ണുതുറന്നു; ബാങ്കിൽ അസ്ഥികൂടവുമായെത്തിയ ജിതു മുണ്ടക്ക് ആ തുക ലഭിച്ചു
text_fieldsകിയോഞ്ജർ (ഒഡീഷ): രാജ്യത്തെ മനസാക്ഷിയെ ഞെട്ടിച്ച് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ ജിതു മുണ്ടക്ക് ഒടുവിൽ ആ 19,300 ലഭിച്ചു. ഒഡീഷ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച കിയോഞ്ജർ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തി തുക കൈമാറി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗ്രാമവാസികളുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നൽകിയത്. ജില്ല റെഡ് ക്രോസ് ഫണ്ട് 30,000 രൂപയും കൈമാറി.
തുക പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടം തോളിലേറ്റി തിങ്കളാഴ്ചയായിരുന്നു ജിതു മുണ്ട ബാങ്കിലെത്തിയിരുന്നത്. മൂന്നുതവണ ബാങ്കിൽ പോയെങ്കിലും പണം ലഭിച്ചില്ല. അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്നോ അല്ലെങ്കിൽ നിയമപരമായ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നോ ആയിരുന്നു ബാങ്കിന്റെ നിലപാട്. സങ്കീർണമായ ഈ പ്രക്രിയകൾ മനസ്സിലാക്കാൻ കഴിയാതെ ഓരോ തവണയും അയാൾ നിസ്സഹായനായി മടങ്ങി.
തന്റെ മുന്നിൽ മറ്റ് വഴികളില്ലെന്ന് കണ്ട ജിതു, തിങ്കളാഴ്ച ഗ്രാമത്തിലെ ശ്മശാനത്തിലെത്തി സഹോദരിയുടെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്തു. തുണിയിൽ പൊതിഞ്ഞ അസ്ഥികൂടം തോളിലേറ്റി കൊടും വെയിലിൽ മൂന്ന് കിലോമീറ്റർ നടന്ന് ബാങ്കിലെത്തി.
ബാങ്കിന്റെ വരാന്തയിൽ മൃതദേഹം കണ്ട് ഞെട്ടിയ ബ്രാഞ്ച് മാനേജർ ഉടൻ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു. ഈ കാഴ്ച കണ്ട് നാട്ടുകാരും സ്തബ്ധരായി. വിവരമറിഞ്ഞെത്തിയ പൊലീസ് ജിതുവിനെ ശാന്തനാക്കുകയും അസ്ഥികൂടം ഏറ്റെടുക്കുകയായിരുന്നു.
സംഭവം വിവാദമായതോട പടാന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെത്തി ജിതുവിനെ കൗൺസിലിങ് നടത്തി. പിന്നീട് അസ്ഥികൂടം തിരികെ കൊണ്ടുപോയി അദ്ദേഹത്തിന്റെ സഹായത്തോടെ വീണ്ടും സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

