മുസ്‌ലിംകൾ 'ഘർ വാപസി' നടത്തണം; പണം വാഗ്ദാനം ചെയ്ത് ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ
text_fieldsലഖ്നോ: ഹിന്ദു മതത്തിലേക്ക് 'ഘർ വാപസി' നടത്താൻ മുസ്‌ലിംകൾക്ക് പണം വാഗ്ദാനം ചെയ്ത് മതംമാറി ഹിന്ദുമതം സ്വീകരിച്ച ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ താക്കൂർ ജിതേന്ദ്ര നാരായൺ സിങ് സെൻഗാർ എന്ന വസീം റിസ്‌വി. പ്രയാഗ്‌രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തായിരുന്നു ഇദ്ദേഹത്തിന്‍റെ ആഹ്വാനം. സംഘപരിവാറിന്‍റെ മതപരിവര്‍ത്തന പദ്ധതിയാണ് 'ഘര്‍ വാപസി'.
സനാതന ധർമത്തിലേക്ക് മടങ്ങുന്നവർക്ക് എല്ലാ സാമ്പത്തിക സഹായവും ചെയ്യുമെന്ന് ജിതേന്ദ്ര നാരായൺ പറഞ്ഞു. ഇതിനായി പ്രത്യേക സംഘടന രൂപീകരിക്കും. ഹിന്ദുമതത്തിലേക്ക് വരുന്ന കുടുംബങ്ങൾ സാമ്പത്തിക സ്ഥിരത കൈവരിക്കുംവരെ മാസം 3000 രൂപ വീതം നൽകും. ചെറുകിട ബിസിനസുകൾ ആരംഭിക്കാനുള്ള സഹായവും സംഘടന നൽകുമെന്ന് ജിതേന്ദ്ര നാരായൺ പറഞ്ഞു.
2021 ഡിസംബർ ആറിനായിരുന്നു വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചത്. ഇതിന് പിന്നാലെ നിരവധി വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു. മതംമാറി രണ്ടാഴ്ചക്കകം നടന്ന ഹരിദ്വാർ ധർമസൻസദിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ഡിസംബർ 17മുതൽ 19 വരെ നടന്ന ധർമസൻസദിൽ മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തതിനാണ് ജിതേന്ദ്ര ത്യാഗിയെ പിടികൂടിയത്.
മതം മാറിയ വസീം റിസ്‌വി മൂന്ന് തവണ തന്‍റെ പേര് മാറ്റിയിരുന്നു. മതം മാറിയ ഉടൻ ജിതേന്ദ്ര നാരായൺ ത്യാഗി എന്നായിരുന്നു പേര്. എന്നാൽ, ആ പേര് അത്ര പോര എന്ന് തോന്നിയതിനാലാണത്രെ വീണ്ടും രണ്ടുതവണ പേര് മാറ്റിയത്. താക്കൂർ ജിതേന്ദ്ര നാരായൺ സിങ് സെൻഗർ എന്നാണ് നിലവിലെ പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

