കൂടുതൽ സംസാരിക്കാൻ കഴിയുന്നില്ല; എസ്.സി/എസ്.ടി എം.പിമാർക്ക് മതിയായ സമയം ഉറപ്പാക്കണമെന്ന് ലോക്‌സഭ സ്പീക്കറോട് ജിതൻ റാം മാഞ്ചി
text_fieldsജിതൻ റാം മാഞ്ചി, ഓം ബിർള
ന്യൂഡൽഹി: പാർലമെന്റിൽ പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ട എം.പിമാർക്ക് കൂടുതൽ സംസാരിക്കാൻ സമയം അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കർ ഓം ബിർളക്ക് അദ്ദേഹം കത്തയച്ചു.
പ്രധാന ബില്ലുകളിലെ ചർച്ചകളിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട എം.പിമാർക്ക് സംസാരിക്കാൻ മതിയായ സമയം ഉറപ്പാക്കണമെന്നാണ് ആവശ്യം. എൻ.ഡി.എ എം.പിമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു.
ആഗസ്റ്റ് അഞ്ചിന് ഡെപ്യൂട്ടി എൻക്ലേവിലെ മാഞ്ചിയുടെ വസതിയിൽ വെച്ചായിരുന്നു യോഗം. മധ്യപ്രദേശിലെ ഖാർഗോണിൽ നിന്നുള്ള ബി.ജെ.പി എം.പി ഗജേന്ദ്ര സിങ് പട്ടങ്‍ലാണ് ഈ വിഷയം ഉന്നയിച്ചത്. സഭയിൽ തങ്ങളുടെ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാൻ എസ്.സി/ എസ്.ടി എം.പിമാർക്ക് മതിയായ അവസരം നൽകണമെന്ന് പട്ടേൽ പ്രത്യേകമായി അഭ്യർഥിച്ചതായി ജിതൻ റാം കത്തിൽ ചൂണ്ടിക്കാട്ടി.
ഗജേന്ദ്ര സിങ് പട്ടേലിന്റെ അഭ്യർഥന മാനിച്ച് തുടർനടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും അദ്ദേഹം സ്പീക്കറോട് അഭ്യർഥിച്ചു.
താൻ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവെ ഗജേന്ദ്ര സിംഗ് പട്ടേൽ സ്ഥിരീകരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിക്കുന്ന സമയം അതിന്റെ എം.പിമാർക്കിടയിൽ വീതിച്ചു നൽകുമ്പോൾ, എസ്.സി/ എസ്.ടി എം.പിമാർക്ക് കൂടുതൽ സംസാരിക്കാൻ കഴിയുന്നില്ല. ഇത് പരിഹരിക്കപ്പെടണമെന്നാണ് ആവശ്യം.
"ഞങ്ങൾക്ക് സമയം ലഭിക്കുന്നില്ലെന്നല്ല, മറിച്ച് കൂടുതൽ സമയം അനുവദിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കപ്പെടണം’ -ഗജേന്ദ്ര സിങ് പട്ടേൽ വ്യക്തമാക്കി. പാർലമെന്ററി ചർച്ചകളിൽ എസ്.സി/എസ്.ടി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

