കാൺപൂർ: പാകിസ്താൻ സ്ഥാപകന്‍ മുഹമ്മദലി ജിന്ന രാജ്യത്തിന്‍റെ ശത്രുവാണെന്ന് ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഒരു രാജ്യത്തിന്‍റെ ശത്രുവിന് ഒരിക്കലും അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കില്ലെന്നും മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.
അലിഗഡിലെ വിദ്യാർഥി യൂണിയൻ ഓഫീസിൽ മുഹമ്മദലി ജിന്നയുടെ ചിത്രം വെച്ചതിന്‍റെ വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സതിഷ് ഗൗതം സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂറിന് കത്തെഴുതിയത് വിവാദമയിരുന്നു. ഇതിനെ തുടർന്ന് ഹിന്ദു വാഹിനി പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തുകയും അത് അക്രമാസക്തമാകുകയും ചെയ്തിരുന്നു.
അതിനിടെ, ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ സ്വാതന്ത്ര്യത്തിന് മുമ്പുള്ള ജിന്നയുടെ സംഭാവനകളെ കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞ് വെട്ടിലായിരുന്നു. എന്നാൽ, ബി.ജെ.പി നേതൃത്വം ഇക്കാര്യം നിഷേധിച്ച് പിന്നീട് രംഗത്തെത്തി.
ഇന്ത്യയുടെ വിഭജനത്തിന് പിറകിലുള്ളവർ യാതൊരു തരത്തിലുള്ള ബഹുമാനവും അർഹിക്കുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.