ലഖ്നോ: മുഹമ്മദലി ജിന്നയെ മഹാപുരുഷൻ എന്ന് വിേശഷിപ്പിച്ച ഉത്തർപ്രദേശിലെ മന്ത്രി സ്വാമി പ്രസാദ് മൗര്യയെ ബി.ജെ.പിയിൽനിന്ന് പുറത്താക്കണമെന്ന് പാർട്ടി എം.പി ഹർനാഥ് സിങ് യാദവ്. രാജ്യത്തെ വിഭജിച്ച കൊടുംകുറ്റവാളിയെ മഹാൻ എന്നു വിശേഷിപ്പിച്ചത് ഉടൻ പിൻവലിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്നാണ് രാജ്യസഭ എം.പിയായ യാദവിെൻറ ആവശ്യം. ‘‘ഇന്ത്യയെ വിഭജിച്ച ജിന്നയുടെ പടം അലീഗഢ് മുസ്ലിം സർവകലാശാലയിൽ വെക്കാം എന്നാൽ; ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നിവ പാടില്ല’’ ^എന്നായിരുന്നു യാദവിെൻറ ട്വീറ്റ്.
അതിനിടെ, താൻ ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതാണെന്നും മൗര്യ പറഞ്ഞു. പാകിസ്താൻ രൂപവത്കരിക്കുന്നതിനുമുമ്പ് ജിന്ന ഇന്ത്യക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹത്തിനെതിരെ കൈ ചൂണ്ടുന്നത് നാണക്കേടാണെന്നുമാണ് മൗര്യ പറഞ്ഞത്. അലീഗഢ് മുസ്ലിം സർവകലാശാലയിൽ ജിന്നയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ ബി.ജെ.പി എം.പി സതീഷ് ഗൗതം പ്രതിഷേധിച്ചതിനെത്തുടർന്നായിരുന്നു പ്രതികരണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ വൈസ് ചാൻസലറോട് വിശദീകരണമാവശ്യെപ്പട്ട് സതീഷ് കത്തയച്ചിരുന്നു.
സർവകലാശാല ഉന്നതാധികാര സമിതിയുടെ (കോർട്ട്) സ്ഥാപകാംഗമായിരുന്ന ജിന്നയുടെ ചിത്രം ദശാബ്ദങ്ങളായി പ്രദർശിപ്പിക്കുന്നുണ്ടെന്ന് സർവകലാശാല വക്താവ് ഷാഫി കിദ്വായി പറഞ്ഞു. ജിന്നക്ക് വിദ്യാർഥി യൂനിയനിൽ ആജീവനാന്ത അംഗത്വവുമുണ്ടെന്നും അേദ്ദഹം പറഞ്ഞു. വിവാദത്തെത്തുടർന്ന് ജിന്നയുടെ പടം എടുത്തുമാറ്റിയെന്ന റിപ്പോർട്ട് സർവകലാശാല വിദ്യാർഥി യൂനിയൻ നിഷേധിച്ചു. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി പെങ്കടുക്കുന്ന പരിപാടിക്ക് യൂനിയൻ ഹാൾ വൃത്തിയാക്കിയതിനെത്തുടർന്നാകാം ഇത്തരമൊരു പ്രചാരണമുണ്ടായത്. സതീഷ് ഗൗതം മൂന്നുവർഷം കോർട്ട് അംഗമായിരുന്നുവെന്നും അന്ന് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും യൂനിയൻ പ്രസിഡൻറ് മഷ്കൂർ അഹമ്മദ് ഉസ്മാനി ചൂണ്ടിക്കാട്ടി.
അലീഗഢ് മുസ്ലിം സർവകലാശാല വിദ്യാർഥി യൂനിയൻ പാകിസ്താെൻറ പിറവിക്കിടയാക്കിയ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ശക്തമായി എതിർക്കുന്നു. അവിഭജിത ഇന്ത്യയുടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിെൻറ പൈതൃകത്തിെൻറ ഭാഗമായാണ് ജിന്നയുടെ പടം സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ആദിത്യനാഥ് സർക്കാറിനേക്കാൾ മികച്ചത് മായാവതിയുടെ ഭരണമായിരുന്നുവെന്ന് സ്വാമി പ്രസാദ് മൗര്യ നേരത്തെ പറഞ്ഞത് ബി.ജെ.പിയെ വിവാദച്ചുഴിയിലാക്കിയിരുന്നു. ബി.എസ്.പി ദേശീയ സെക്രട്ടറിയായിരുന്ന മൗര്യ 2016ൽ മായാവതിയുമായി തെറ്റിയാണ് ബി.ജെ.പിയിൽ ചേർന്നത്.