ജിഗ്നേഷ് മേവാനി ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ്
text_fieldsഅഹ്മദാബാദ്: ദലിത് നേതാവും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മേവാനിയെ പുതിയ പദവിയിൽ അവരോധിച്ചത്. പട്ടീദാർ സമരനേതാവും ഗുജറാത്ത് കോൺഗ്രസിലെ പ്രായംകുറഞ്ഞ വർക്കിങ് പ്രസിഡന്റുമായിരുന്ന ഹാർദിക് പട്ടേൽ ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെയാണ് ജിഗ്നേഷിന് നറുക്കുവീണത്.
ഏഴ് വർക്കിങ് പ്രസിഡന്റുമാരിലൊരാളായാണ് നിയമനം. എങ്കിലും സ്വതന്ത്ര എം.എൽ.എയായ ജിഗ്നേഷ് ഇതുവരെ കോൺഗ്രസിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. അദ്ദേഹം ഉടൻ പാർട്ടിയുടെ ഭാഗമാകുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗ്ദീഷ് താക്കൂർ പറഞ്ഞു. കേന്ദ്ര സർക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജിഗ്നേഷിന്റെ വ്യക്തിപ്രഭാവവും സ്വാധീനവും കോൺഗ്രസ് ഹൈകമാൻഡ് കണക്കിലെടുക്കുകയായിരുന്നു. പാർട്ടി നൽകുന്ന ഏത് ചുമതലയും സ്വീകരിക്കുമെന്നാണ് മേവാനി പ്രതികരിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള വരവിനെ എതിർക്കുന്ന കോൺഗ്രസിലെ ദലിത് നേതാക്കൾക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

