ഝാർഖണ്ഡ് എസ്.ഐ.ആർ; മുസ്ലിം വോട്ടുകൾ വെട്ടാൻ ഫോം-7 ദുരുപയോഗം വ്യാപകം
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ പ്രത്യേക വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൽ (എസ്.ഐ.ആർ) മുസ്ലിം വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റാൻ ബി.ജെ.പി ബൂത്ത് ലെവൽ ഏജന്റുമാരുടെ (ബി.എൽ.എ) വ്യാപക ഇടപെടൽ. ഗോദ്ദ ജില്ലയിൽ ബി.ജെ.പി ബൂത്ത് ലെവൽ ഏജന്റുമാർ കൂട്ടത്തോടെ ഫോം-7 അപേക്ഷകൾ സമർപ്പിച്ച് മുസ്ലിം വോട്ടർമാരെ ലക്ഷ്യമിടുന്നതായി ദ ഇന്ത്യൻ എക്സ്പ്രിന്റെ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നു.
ആഗസ്റ്റ് അഞ്ചിന് സംസ്ഥാനത്തെ എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ബി.ജെ.പി ബി.എൽ.എമാർ ഫോം-7 ഉപയോഗിച്ച് മുസ്ലിം വോട്ടർമാരുടെ പേര് നീക്കാൻ വ്യാപകമായി അപേക്ഷ നൽകിയത്. മഹേഷ് ടിക്കരി ഉൾപ്പെടെയുള്ള വിവിധ ബൂത്തുകളിൽ ബി.ജെ.പി ഏജന്റുമാർ നൽകിയ അപേക്ഷകളിൽ ഭൂരിഭാഗവും മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലമുറകളായി ഗ്രാമത്തിൽ ജീവിക്കുന്നവരെയും 2003ലെ വോട്ടർ പട്ടികയിൽ കൃത്യമായി പേരുള്ളവരെയുമാണ് നീക്കാൻ അപേക്ഷ നൽകിയിട്ടുള്ളത്.
ചില ബൂത്തുകളിൽ ബി.ജെ.പി ഏജന്റുമാർ നൽകിയ ഫോമുകൾ സ്വീകരിക്കാൻ ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) തയാറാകാത്തത് വലിയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമായി കൂട്ടമായി ഫോമുകൾ എത്തിച്ച സംഭവത്തിൽ ചിലയിടങ്ങളിൽ ഏജന്റുമാർതന്നെ ഫോമുകൾ കത്തിച്ചുകളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. വിഷയം ഗുരുതരമാണെന്നും സുപ്രീംകോടതി ഉടൻ ഇടപെട്ട് ഇത് തടയണമെന്നും എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടി ബി.ജെ.പിയെ സഹായിക്കാനും തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. ഫോം-7 ഉപയോഗിച്ച് നൂറുകണക്കിന് അപേക്ഷകൾ നൽകി ഒരു കാരണവുമില്ലാതെയാണ് വോട്ടർമാരെ നീക്കാൻ ശ്രമിക്കുന്നത്. കോടതികൾ ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ മതാതീത ജനാധിപത്യം വലിയ പ്രതിസന്ധിയിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

