റാഞ്ചി സംഘർഷം: 'സാങ്കേതിക പിഴവ്', കുറ്റാരോപിതരുടെ ഫോട്ടോയടങ്ങിയ പോസ്റ്റർ പിൻവലിച്ച് പൊലീസ്
text_fieldsറാഞ്ചി: റാഞ്ചി സംഘർഷവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരുടെ ഫോട്ടോയടങ്ങിയ പോസ്റ്റർ പുറത്തിറക്കി മണിക്കൂറുകൾക്കകം പിൻവലിച്ച് പൊലീസ്. സാങ്കേതിക പിഴവുകളാണ് പോസ്റ്റർ പിൻവലിക്കാൻ കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം. റാഞ്ചിയിൽ ജൂൺ 10ന് നടന്ന സംഘർഷത്തിലേർപ്പെട്ടു എന്നാരോപിക്കപ്പെടുന്ന 30 ഓളം ആളുകളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ പോലീസ് പുറത്തുവിട്ടിരുന്നു.
ഞങ്ങൾ സംഘർഷത്തിൽ ഏർപ്പെട്ടവരെ തിരിച്ചറിയുന്നതിന്‍റെ ഭാഗമായി ഫോട്ടോകളടങ്ങിയ പോസ്റ്റർ പുറത്തുവിട്ടിരുന്നു. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം റാഞ്ചി ജില്ല പൊലീസ് അത് ഒഴിവാക്കിയെന്നും പിഴവുകൾ പരിഹരിച്ച ശേഷം പോസ്റ്ററുകൾ വീണ്ടും പുറത്തുവിടുമെന്നും ഐ.ജി അമോൽ വി ഹോമർ പറഞ്ഞു.
എന്നാൽ സാങ്കേതിക വിദഗ്ധരും ഫോട്ടോ ജേണലിസ്റ്റുകളും ഉൾപ്പെട്ട വിപുലമായ സംഘത്തിന്‍റെ വിലയിരുത്തലുകൾക്ക് ശേഷമാണ് പോസ്റ്ററുകൾ പുറത്തിറക്കിയതെന്നാണ് റിപ്പോർട്ടുകൾ. സമരക്കാർ എവിടെയാണെന്ന് വിവരം നൽകുന്നതിനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകകളും പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലീസ് നടപടിയെ ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയും പൊലീസ് നടപടിയെ എതിർത്തിരുന്നു. ഇത്തരമൊരു പോസ്റ്ററിന്‍റെ യാതൊരു ആവശ്യകതയും ഇല്ലെന്നും കുറ്റവാളികളെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ അസ്വസ്ഥത സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും ജാർഖണ്ഡ് മുക്തി മോർച്ച വക്താവ് അറിയിച്ചു.
എന്തുകൊണ്ടാണ് സംഘർഷ സമയത്ത് സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കാതിരുന്നതെന്ന് ഗവണർ ഗവർണർ രമേശ് ബായിസ് ചോദിച്ചിരുന്നു. തുടർന്നാണ് കുറ്റാരോപിതരുടെ ഫോട്ടോയടങ്ങിയ പോസ്റ്റർ പൊലീസ് പുറത്തുവിട്ടത്. എന്തുകൊണ്ട് ജലപീരങ്കിയും റബർ ബുള്ളറ്റുകളും കണ്ണീർവാതകവും സംഘർഷാവസ്ഥ നിയന്ത്രിക്കാൻ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു.
ഇൻറലിജൻസ് ബ്യൂറോയുടെ വിവരങ്ങളനുസരിച്ച് പ്രതിഷേധത്തിന് 150 ആളുകളെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ് ഗവർണർക്കുനൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്.
ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ ജൂൺ 10ന് നടന്ന പ്രതിഷേധത്തിൽ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധം പൊലീസ് തടഞ്ഞതോടെ ഉണ്ടായ സംഘർഷത്തിലാണ് 16 വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

