റാഞ്ചി: ഝാർഖണ്ഡിലെ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി ഹാജി ഹുസൈൻ അൻസാരി അന്തരിച്ചു. 73 വയസായിരുന്നു. വെള്ളിയാഴ്ച ഇദ്ദേഹത്തിെൻറ കോവിഡ് ഫലം നെഗറ്റീവായതായി ഝാർഖണ്ഡ് മൂക്തി മോർച്ച വക്താവ് സുപ്രിയോ ഭട്ടാചാര്യ അറിയിച്ചിരുന്നു.
ഇൗ ജനുവരിയിൽ ഹേമന്ദ് സോറെൻറ മന്ത്രിസഭയിൽ ഉൾപെട്ടതോടെ രണ്ടാം തവണ മന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു. കോവിഡ് ചികിത്സയുടെ ഭാഗമായി നേരത്തെ മെഡാൻറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അൻസാരിക്ക് ശനിയാഴ്ച ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.
അൻസാരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ഹേമന്ദ് സോറൻ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന രൂപികരണത്തിൽ സുപ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് സോറൻ പറഞ്ഞു.
1947ൽ ദിയോഗർ ജില്ലയിലെ പിപ്ര ഗ്രാമത്തിൽ ജനിച്ച അൻസാരി 1995ലാണ് ആദ്യമായി നിയമസഭ സാമാജികനായത്. 2000, 2009, 2019 എന്നീ വർഷങ്ങളിൽ വീണ്ടും നിയമസഭയിലെത്തി. ഝാർഖണ്ഡിൽ കോവിഡ് ബാധിച്ച മറ്റ് മൂന്ന് മന്ത്രിമാർക്ക് രോഗം ഭേദമായിരുന്നു.