റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ അറസ്റ്റിലായ ആർ.ജെ.ഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ഝാർഖണ്ഡ് ഹൈകോടതിയാണ് ലാലുവിന് ആറ് ആഴ്ച താൽകാലിക ജാമ്യം അനുവദിച്ചത്. അനാരോഗ്യമുള്ളതിനാൽ 12 ആഴ്ചത്തേക്ക് ജാമ്യം അനുവദിക്കണമെന്നാണ് ലാലുവിന്‍റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് നിരസിച്ചു.
കഴിഞ്ഞ ദിവസം മകൻ തേജ് പ്രതാപിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് മൂന്ന് ദിവസത്തെ പരോൾ ലാലുവിന് അനുവദിച്ചിരുന്നു. പരോളിലുള്ള ലാലു ഇപ്പോൾ പട്നയിലാണുള്ളത്. മെയ് 12നാണ് മകൻ തേജ് പ്രതാപിന്‍റെ വിവാഹം.
കാലിത്തീറ്റ അഴിമതിക്കേസിൽ 69കാരനായ ലാലുവിനെ കഴിഞ്ഞ ഡിസംബറിൽ റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ കോടതി തടവുശിക്ഷ വിധിച്ച് ബിർസമുണ്ട ജയിലിൽ അടച്ചിരുന്നു. എന്നാൽ അസുഖ ബാധിതനായതിനാല്‍ ഝാര്‍ഖണ്ഡിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.