ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേട്: ചർച്ച പരാജയം; സമരം തുടരാൻ വിദ്യാർഥികൾ
text_fieldsറാഞ്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം തുടരുമെന്ന് പ്രഖ്യാപനം. സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് അനിശ്ചിതകാല നിരാഹാര സമരമടക്കമുള്ള പ്രതിഷേധങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ വിദ്യാർഥി സംഘടനകൾ തീരുമാനിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ നിലനിൽക്കെയാണ് സമരം 16-ാം ദിവസത്തിലേക്ക് കടന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സർക്കാരുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടത്തിയ ചർച്ചകളിലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഞായറാഴ്ച നടന്ന നിർണായക ചർച്ചയും യാതൊരു ഫലവുമില്ലാതെ പിരിയുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
മൂന്ന് പ്രധാന പരീക്ഷകൾ റദ്ദാക്കാമെന്ന് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടും വിദ്യാർത്ഥികൾ സമരം തുടരാൻ തന്നെയാണ് തീരുമാനിച്ചത്.
ഝാർഖണ്ഡ് പബ്ലിക് സർവിസ് കമ്മീഷന്റെ 2023, 2025 വർഷങ്ങളിലെ പരീക്ഷകളും 14ാം പ്രിലിമിനറി പരീക്ഷയും റദ്ദാക്കാമെന്നതായിരുന്നു സർക്കാരിന്റെ പ്രധാന വാഗ്ദാനം. പരീക്ഷാ ക്രമക്കേടുകളിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതിനും സർക്കാർ സന്നദ്ധത അറിയിച്ചു.
ലഖ്‌നോ ആസ്ഥാനമായുള്ള സ്വകാര്യ പരീക്ഷാ ഏജൻസിയായ ടി.എസ്.ആർ ഡാറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ മുഴുവൻ പരീക്ഷകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. ജെ.പി.എസ്.സി, ജെ.എസ്.എസ്.സി എന്നിവയിൽ സമഗ്രമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഐ.ഐ.എമ്മിന്റെയും എക്സ്.ഐ.എസിന്റെയും സഹായം തേടുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തൊ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. നിരാഹാരം അനുഷ്ഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയായ രാഹുൽ ക്രാന്തിം നിലവിൽ കർശന വൈദ്യശാസ്ത്ര നിരീക്ഷണത്തിലാണ്. മൊത്തം ആറ് സമരക്കാരാണ് ഇപ്പോൾ നിരാഹാര സമരത്തിൽ പങ്കെടുക്കുന്നത്.
കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻ.എസ്.യു.ഐ, ഝാർഖണ്ഡ് ഛാത്ര മോർച്ച, ആദിവാസി ഛാത്ര സംഘ് തുടങ്ങിയ വിവിധ വിദ്യാർഥി സംഘടനകളുമായി കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

