ഝാർഖണ്ഡ് നിയമന പരീക്ഷാ വിവാദം: പരീക്ഷകൾ റദ്ദാക്കിയതിനെതിരെ വിജയികൾ രംഗത്ത്
text_fieldsറാഞ്ചി: ഝാർഖണ്ഡിൽ വിവാദ നിയമന പരീക്ഷകൾ സർക്കാറിന് വീണ്ടും വെല്ലുവിളിയാകുന്നു. ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ സമരം ശക്തമാക്കിയതോടെ വിവാദ പരീക്ഷകൾ റദ്ദാക്കിയതിനെതിരെ, ലിസ്റ്റിൽ ഉൾപ്പെടുകയും നിയമനം നേടുകയും ചെയ്തവരും പ്രതിഷേധം ശക്തമാക്കി. പ്രതിഷേധക്കാർ നിരോധനാജ്ഞ മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിൽ പ്രവേശിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അതേസമയം, നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ 26 ദിവസമായി നടന്നുവന്ന വിദ്യാർഥി സമരം താൽക്കാലികമായി അവസാനിപ്പിച്ച് സർക്കാറിന് പ്രശ്നപരിഹാരത്തിനായി രണ്ട് മാസത്തെ സമയം അനുവദിച്ചു. ഝാർഖണ്ഡ് പബ്ലിക് സർവിസ് കമീഷൻ (ജെ.പി.എസ്.സി), ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ (ജെ.എസ്.എസ്.സി), സ്വകാര്യ ഏജൻസി എന്നിവ നടത്തിയ 22 നിയമന പരീക്ഷകൾ റദ്ദാക്കാനും 23 പരീക്ഷകളിൽ അന്വേഷണം നടത്താനുമാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. റദ്ദാക്കിയ പരീക്ഷകളിൽ ജെ.എസ്.എസ്.സി-കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയും ഉൾപ്പെടുന്നു. പരീക്ഷ വിജയിച്ച് വിവിധ സർക്കാർ വകുപ്പുകളിൽ നിയമനം നേടിയ 2,000ത്തോളം ഉദ്യോഗാർഥികളാണ് ഇതോടെ ആശങ്കയിലായത്.
പരീക്ഷകൾ റദ്ദാക്കിയ ഉത്തരവ് പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്. മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ പരീക്ഷ വിജയിച്ചതെന്നും ക്രമക്കേടുകളിൽ പങ്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കുന്നതിനുപകരം മുഴുവൻ പരീക്ഷയും റദ്ദാക്കി തങ്ങളെ ശിക്ഷിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ചുവരുകയായിരുന്നുവെന്നും സർക്കാർ ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിലേക്ക് പ്രവേശിച്ചതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോംസ് മഞ്ചിന്റെ നേതൃത്വത്തിൽ നടന്നുവന്ന 26 ദിവസത്തെ വിദ്യാർഥി പ്രക്ഷോഭം താൽക്കാലികമായി അവസാനിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറിന് രണ്ട് മാസത്തെ സമയപരിധി അനുവദിച്ചതായി സമരസമിതി അറിയിച്ചു.
15 ദിവസമായി നിരാഹാര സമരം നടത്തിയിരുന്ന രൂപേഷ് കുമാർ പാൽ, സവിത കുമാരി, രാഹുൽ ക്രാന്തി എന്നിവർ ബുധനാഴ്ച സമരം അവസാനിപ്പിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭവുമായി വീണ്ടും രംഗത്തെത്തുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് 10ന് നിയമസഭയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കണമെന്നും പരീക്ഷാ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന വിസിൽബ്ലോവർ സന്തോഷ് കുമാർ മസ്താനയെ ധനവകുപ്പിൽ തിരിച്ചെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

