ജാർഖണ്ഡ് വിമാനാപകടം: തകർന്ന മെഡിക്കൽ വിമാനത്തിൽ ബ്ലാക്ക് ബോക്സില്ല; അന്വേഷണം പ്രതിസന്ധിയിൽ
text_fieldsറാഞ്ചി: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ തകർന്നുവീണ എയർ ആംബുലൻസിൽ ബ്ലാക്ക് ബോക്സ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിന്റെ തകരാറുകളെക്കുറിച്ചും അപകടകാരണത്തെക്കുറിച്ചും വ്യക്തമായ സൂചന നൽകുന്ന ബ്ലാക്ക് ബോക്സിന്റെ അഭാവം അന്വേഷണത്തെ സങ്കീർണ്ണമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സിവിൽ ഏവിയേഷൻ നിയമപ്രകാരം 5,700 കിലോഗ്രാമിന് താഴെ ഭാരമുള്ള വിമാനങ്ങൾക്ക് കോക്പിറ്റ് വോയിസ് റെക്കോർഡറോ (CVR) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറോ (FDR) നിർബന്ധമില്ല. ഈ സാഹചര്യത്തിൽ എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയ രേഖകൾ, വിമാനത്തിന്റെ അവശിഷ്ടങ്ങൾ, ദൃക്‌സാക്ഷി മൊഴികൾ എന്നിവയെ ആശ്രയിച്ചായിരിക്കും ഇനി അന്വേഷണം മുന്നോട്ട് പോകുക.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിമാനം നിശ്ചിത പാതയിൽ നിന്ന് മാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് വിമാനത്തിലെ വെതർ റഡാർ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതേ റൂട്ടിൽ സഞ്ചരിച്ചിരുന്ന എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഇടതു വശത്തേക്ക് മാറി സഞ്ചരിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ തകർന്ന വിമാനം വലതുവശത്തേക്കാണ് മാറിയത്. ഇത് റഡാർ തെറ്റായി റീഡ് ചെയ്തത് കൊണ്ടാണോ അതോ ഉപകരണത്തിന് തകരാർ സംഭവിച്ചത് കൊണ്ടാണോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.
റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. റെഡ്ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള വിമാനം പറന്നുയർന്നതിന് ശേഷം 20 മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് ചത്ര ജില്ലയിലെ സിമരിയയിലുള്ള ബാരിയത്തു പഞ്ചായത്തിലെ വനമേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

