ചെന്നൈ: പുരട്ചി തലൈവി ജയലളിതയുടെ താമസസ്ഥലമായിരുന്നു ചെന്നൈ പോയസ് ഗാർഡനിലെ വേദ നിലയം. ജയലളിതയുടെ മരണാനന്തരം വേദ നിലയത്തെചൊല്ലി തർക്കങ്ങൾ മൂർഛിച്ചപ്പോഴാണ് സർക്കാർ അതൊരു മ്യൂസിയം ആക്കാൻ തീരുമാനിച്ചത്. തുടർന്ന് വേദനിലയത്തിലെ സ്വത്തുക്കളെ ചൊല്ലിയായി തമ്മിലടി.
വീണ്ടും സർക്കാർ ഇടപെട്ട് സ്വത്തുക്കളുടെ കണക്കെടുക്കാൻ തീരുമാനിച്ചു. നിലവിൽ ജയലളിതയുടെ പക്കലുണ്ടായിരുന്ന സ്ഥാവര ജംഗമ സ്വത്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായി. 32,721 സാധനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ രത്നങ്ങൾ വൈരക്കല്ലുകൾ, നാല് കിലോ സ്വർണം, 600 കിലോ വെള്ളി, 8,300 പുസ്തകങ്ങൾ, 10,438 വസ്ത്രങ്ങൾ, പൂജാ സാധനങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയാണ് ഉള്ളത്.
കൂടാതെ വീട്ട്വളപ്പിലെ രണ്ട് മാവുകൾ, ഒരു പ്ലാവ്, അഞ്ച് തെങ്ങുകൾ തുടങ്ങിയവയേയും വസ്തുക്കളായി കണക്കാക്കിയിട്ടുണ്ട്. ഇവയെല്ലാം ‘പുരട്ച്ചി തലൈവി ഡോ.ജയലളിത മെമ്മോറിയൽ ഫൗണ്ടേഷെൻറ’കീഴിലായിരിക്കും വരിക. മൂന്ന് നിലകളുള്ള വേദ നിലയം മ്യൂസിയം ആയി രൂപാന്തരപ്പെടുത്തി കഴിഞ്ഞാൽ അവിടെ ഇവ പ്രദർശിപ്പിക്കും. 2017ലാണ് നടിയും, എ.െഎ.എ.ഡി.എം.കെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിത മരിച്ചത്. 2017ൽ സർക്കാർ ഇവരുടെ വസതി മ്യൂസിയം ആക്കുമെന്ന് പ്രഖ്യാപിച്ചു.