ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) നടപ്പാക്കി നോക്കാൻ കേന്ദ്ര ആഭ്യന്ത ര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോർ.
ജനകീയ പ്രക്ഷോഭം നിങ്ങൾ കണക്കിലെടുക്കുന്നില്ലെങ്കിൽ രാജ്യത്തോട് ധിക്കാരപൂർവം പ്രഖ്യാപിച്ച മുൻഗണനാക്രമത്തിൽ തന്നെ സി.എ.എയും എൻ.ആർ.സിയും നടപ്പാക്കാൻ മടിക്കുന്നതെന്തിനാണെന്നാണ് ട്വിറ്ററിലൂടെ പ്രശാന്ത് കിഷോർ ചോദിച്ചിരിക്കുന്നത്. ‘പൗരന്മാരുടെ പ്രക്ഷോഭത്തോട് പുറംതിരിഞ്ഞ് നിൽക്കുന്നത് ഒരു സർക്കാറിൻെറ ശക്തിയുടെ ലക്ഷണമല്ല അമിത് ഷാ ജി. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ നിങ്ങൾ ഗൗരവത്തിലെടുക്കുന്നില്ലെങ്കിൽ, നിങ്ങൾ രാജ്യത്തോട് ധിക്കാരപൂർവം പ്രഖ്യാപിച്ച മുൻഗണനാ ക്രമത്തിൽ തന്നെ അവ നടപ്പാക്കുന്നതിന് മടിക്കുന്നതെന്താണ്?’- എന്നായിരുന്നു പ്രശാന്ത് കിഷോറിൻെറ ട്വീറ്റ്.
പ്രതിപക്ഷം എത്ര പ്രതിഷേധിച്ചാലും സി.എ.എയും എൻ.ആർ.സിയും നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ലഖ്നോവിൽ നടന്ന റാലിയിൽ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.