മണിപ്പൂരിൽ ട്വിസ്റ്റ്: ബി.ജെ.പി സർക്കാറിന് പിന്തുണ പിൻവലിച്ച പാർട്ടി അധ്യക്ഷനെ ജെ.ഡി.യു പുറത്താക്കി
text_fieldsഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്‍റെ ജെ.ഡി.യു പിൻവലിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷനെ പുറത്താക്കി ദേശീയ നേതൃത്വം. ജെ.ഡി.യു മണിപ്പൂർ അധ്യക്ഷൻ ക്ഷത്രിമയൂം ബിരേൻ സിങ്ങിനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സർക്കാറിനുള്ള പിന്തുണ പിൻവലിക്കൽ സംസ്ഥാന അധ്യക്ഷന്‍റെ മാത്രം തീരുമാനമായിരുന്നെന്ന് പാർട്ടി ജനറൽ സെക്രട്ടറി അഫാഖ് അഹ്മദ് പറഞ്ഞു.
മണിപ്പൂരിൽ സർക്കാറിന് പിന്തുണ പിൻവലിക്കുകയാണെന്ന് കാണിച്ച് ജെ.ഡി.യു അധ്യക്ഷൻ ബിരേൻ സിങ് ഗവർണർക്ക് കത്തയക്കുകയായിരുന്നു. ഏക ജെ.ഡി.യു എം.എൽ.എ പ്രതിപക്ഷ നിരയിൽ ഇരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
2022ലെ മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് ചേക്കേറി. 60 അംഗ നിയമസഭയിൽ നിലവിൽ ബി.ജെ.പിക്ക് 37 എം.എൽ.എമാരുണ്ട്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ അഞ്ച് എം.എൽ.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.
പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്തിക്കാൻ സഹായിച്ച പ്രധാന സഖ്യകക്ഷികളിൽ ഒന്നാണ് ജെ.ഡി.യു. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. ഇതിനിടെ മണിപ്പൂരിലെ പാർട്ടിയുടെ കാലുമാറ്റം അപ്രതീക്ഷിതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

