ജൻ സുരാജ് പാർട്ടി പ്രവർത്തകന്‍റെ കൊലപാതകത്തിൽ ജെ.ഡി.യു സ്ഥാനാർഥി അറസ്റ്റിൽ
text_fieldsപട്ന: ജൻ സുരാജ് പാർട്ടി അനുയായി മുൻ അധോലോക നേതാവ് ദുലാർചന്ദ് യാദവിന്റെ കൊലപാതക കേസിൽ അറസ്റ്റ്. ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) സ്ഥാനാർഥി അനന്ത് സിങ്ങാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ മുഖ്യ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അനന്ത് സിങ്ങിന് പുറമേ അദ്ദേഹത്തിന്റെ കൂട്ടാളികളായ മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നിവരും അറസ്റ്റിലായിട്ടുണ്ടെന്ന് പട്ന എസ്.എസ്.പി കാർത്തികേയ കെ. ശർമ പറഞ്ഞു. ആനന്ദ് സിങ്ങിന്‍റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നത്. തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടതായി മനസ്സിലാകുന്നു -ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ദുലർചാന്ദ് യാദവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തായി. ഉറപ്പുള്ള വസ്തുകൊണ്ടേറ്റ പ്രഹരത്തിലുണ്ടായ ആഘാതത്തിൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം നിലച്ചാണ് മരണമെന്നാണ് റിപ്പോർട്ട്. പാദത്തിനാണ് വെടിയേറ്റത്. ഇത് മരണ കാരണമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
അനന്ത് സിങ് മത്സരിക്കുന്ന മോകാമയിൽ ഒക്ടോബർ 30 ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കൊലപാതകം. ഇരുസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിലാണ് ദുലാർചന്ദ് യാദവ് കൊല്ലപ്പെട്ടത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംസ്ഥാനത്ത് വെടിവെപ്പും കൊലപാതകവും അറസ്റ്റുമടക്കം സംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

