ജയലളിതയുടെ അനധികൃത സ്വത്ത് കണ്ടെത്താൻ നടപടി തുടങ്ങി
text_fields
ചെന്നൈ: മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടി തമിഴ്നാട് സര്‍ക്കാര്‍ ആരംഭിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ കോടതി വിധി നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള നടപടികളാണ് തുടങ്ങിയത്. സ്വത്തുക്കളുടെ കണക്കെടുപ്പിന് ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ തുടങ്ങി ആറു ജില്ല കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ജയലളിത, തോഴിയും അണ്ണാ ഡി.എം.കെ അമ്മ വിഭാഗം ജനറൽ സെക്രട്ടറിയുമായ ശശികല നടരാജൻ, ജയലളിതയുടെ വളര്ത്തുമകന് വി.എന്‍. സുധാകരന്, ബന്ധു ഇളവരശി എന്നിവരെയാണ് ബംഗളൂരു പ്രത്യേക കോടതി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിച്ചത്. എല്ലാവര്ക്കും നാലു വര്‍ഷം തടവും ജയലളിത ഒഴിച്ച് മറ്റു മൂന്നു പേര്‍ക്ക് 10 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജയലളിതക്ക് 100 കോടി രൂപയാണ് പിഴയായി വിധിച്ചത്. പിന്നീട് കര്‍ണാടക ഹൈകോടതി ഇവരെ കുറ്റമുക്തമാക്കിയെങ്കിലും സുപ്രീംകോടതി വിചാരണക്കോടതിയുടെ വിധി അംഗീകരിക്കുകയായിരുന്നു. ശശികലയും ഇളവരശിയും സുധാകരനും ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
ഇ
തിനിടക്ക് ജയലളിത മരിച്ചതിനാല്‍ അവരുടെ സ്വത്തുക്കള്‍ മാത്രമാണ് കണ്ടുകെട്ടുന്നത്. കേസില്‍ 128 വസ്തുവകകളാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും ആറു സ്ഥാപനങ്ങളുടെ 68 വസ്തുവകകള്‍ മാത്രമാണ് കോടതി കണ്ടുകെട്ടാന്‍ ആവശ്യപ്പെട്ടത്. ചെന്നൈ അടക്കമുള്ള ജില്ലകളിലെ സ്വത്തുക്കള്‍ എന്തൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ മതിപ്പുവില എത്രയെന്നും കണ്ടെത്തുകയാണ് കലക്ടര്‍മാര്‍ ആദ്യം ചെയ്യുന്നത്. തുടർന്നാവും 100 കോടിയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുക. ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആൻറി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ജയലളിതയുടെ മരണത്തിനുശേഷം രണ്ടായി പിളരുകയും ശശികല നേതൃത്വം നൽകുകയും ചെയ്യുന്ന അണ്ണാ ഡി.എം.കെ അമ്മ വിഭാഗം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി സർക്കാറാണ് കോടതി നിർദേശം നടപ്പാക്കാൻ നടപടികൾ തുടങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
