ജയയുടെ മരണം സംബന്ധിച്ച അന്വേഷണം: ഹരജിക്കാരുടെ അര്‍ഹത ചോദ്യംചെയ്ത് കോടതി
text_fieldsചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാര്‍ക്ക് വ്യവഹാരം നല്‍കാനുള്ള അര്‍ഹത ചോദ്യംചെയ്ത് മദ്രാസ് ഹൈകോടതി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ നടപടി. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ പി.എ. ജോസഫ്, സാമൂഹികപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി തുടങ്ങിയവരാണ് മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.
ഹരജികള്‍ സ്വീകരിച്ച അവധിക്കാല ബെഞ്ച് സംഭവങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും വേണ്ടിവന്നാല്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കേണ്ടിവരുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാറിനും പ്രധാനമന്ത്രിയുടെ ഓഫിസിനും സംസ്ഥാന സര്‍ക്കാറിനുമുള്‍പ്പെടെ കോടതി നോട്ടീസുമയച്ചു. തുടര്‍ന്ന് തിങ്കളാഴ്ച കേസ് പരിഗണനക്ക് വന്നപ്പോഴാണ് കോടതി ഹരജിക്കാര്‍ക്ക് വ്യവഹാരം നല്‍കാനുള്ള അവകാശം ചോദ്യംചെയ്തത്. ആളുകള്‍ പൊതുപ്രവര്‍ത്തകരായിരുന്നു എന്ന കാരണംകൊണ്ടു മാത്രം അവരുടെ ചികിത്സവിവരങ്ങള്‍ എത്രത്തോളം വെളിപ്പെടുത്താനാകുമെന്ന് കോടതി ചോദിച്ചു.
ജയക്ക് ലഭിച്ച ചികിത്സ സംബന്ധിച്ച് പ്രത്യേകമായ സംശയങ്ങള്‍ വല്ലതുമുണ്ടോയെന്നും ആരാഞ്ഞ കോടതി ഹരജിക്കാരില്‍ ജയയുടെ അടുത്ത കുടുംബാംഗങ്ങള്‍ ആരുംതന്നെയില്ലാത്തതും കൂടുതല്‍ കുഴപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ജയയെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റിയതും പിന്നീട് രോഗം ഭേദമായെന്ന റിപ്പോര്‍ട്ടും മരണത്തില്‍ കലാശിച്ചെന്നു പറയുന്ന ഹൃദയാഘാതവും സംബന്ധിച്ച് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി അന്വേഷണം നടത്തണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജയയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവത്തിലും അവരുടെ കാല്‍ മുറിച്ചുകളഞ്ഞെന്ന റിപ്പോര്‍ട്ടും സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.
എന്നാല്‍, ഈ വിവരങ്ങളുടെ സ്രോതസ്സ് ഏതെന്ന് ആരാഞ്ഞ കോടതി എല്ലാം കഴിഞ്ഞെന്നും ഇനി ആശങ്കപ്പെടാന്‍ ഒന്നുമില്ളെന്നും മറുപടി നല്‍കി. മരണത്തില്‍ നിഗൂഢതയില്ളെന്നും ചികിത്സ സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കാമെന്നും അപ്പോളോ ആശുപത്രിയുടെ അഭിഭാഷകന്‍ പി.എസ്. രാമന്‍ പറഞ്ഞു. ഹരജിയില്‍ വാദം കേള്‍ക്കല്‍ കോടതി ഫെബ്രുവരി 23 വരെ നീട്ടി. അതിനിടെ, ജയലളിതയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ലഭിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതിയുടെ മധുര ബെഞ്ച് പ്രിന്‍സിപ്പല്‍ ബെഞ്ചിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
