ജെവാർ കൂട്ടബലാൽസംഗം, കൊലപാതകം: ദുരന്തങ്ങൾ നിരന്തരം വേട്ടയാടുന്ന കുടുംബം
text_fieldsന്യൂഡൽഹി: ദേശീയപാതയിൽ കൊള്ളക്കും കൊലക്കും കൂട്ടബലാൽസംഗത്തിനും ഇരയായ കുടുംബം അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരന്തങ്ങൾ. അഞ്ചുവർഷങ്ങളായി കുടുംബത്തിൽ ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ കൂട്ടുകുടുംബത്തിൽ അഞ്ച് വർഷത്തിനിടയിൽ അസ്വാഭാവിക സാഹചര്യത്തിൽ മരിക്കുന്ന നാലാമത്തെയാളാണ് അക്രമികൾ വെടിവെച്ചുകൊന്ന സഹോദരൻ.
നാലു സഹോദരങ്ങളിൽ ആദ്യത്തെയാളുടെ മരണം 2013ലായിരുന്നു. ബൈക്കിൽ റെയിൽവെലൈൻ ക്രോസ് ചെയ്യുന്നതിനിടെ ട്രെയിനിടിച്ചായിരുന്നു ആ ദുരന്തം. ഇടിയുടെ ആഘാതത്തിൽ ചതഞ്ഞുപോയ സഹോദരന്‍റെ മുഖം ഇന്നും ആ കുടുംബത്തിന് മറക്കാൻ കഴിഞ്ഞിട്ടില്ല.
ആ മരണത്തിന്‍റെ ആഘാതത്തിൽ നിന്ന് മുക്തി നേടും മുമ്പ് വീണ്ടും അടുത്ത ദുരന്തമെത്തി. 2014ൽ കടയിൽ വെച്ച് ഹൃദയാഘാതത്തിന്‍റെ രൂപത്തിലാണ് മറ്റൊരു സഹോദരനെ മരണം കവർന്നെടുത്തത്. 2016ൽ അദ്ദേഹത്തിന്‍റെ മകനും ഗ്രേറ്റർ നോയിഡയിലുണ്ടായ റോഡപകടത്തിൽ മരണം കീഴടക്കി. ബൈക്കിൽ കാറിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു അയാൾ.
ഇനിയും കുടുംബത്തെ വെറുതെ വിടില്ലെന്നുറച്ച് ദുരന്തം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന കുടുംബത്തിലെ നെടുംതൂണായ സഹോദരനാണ് വ്യാഴാഴ്ച തന്‍റെ സഹോദരിമാരുടെ നേർക്കുള്ള അതിക്രമം ചെറുക്കുന്നതിനിടെ ദേശീയ പാതയിലെ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്. 3 മുതൽ ഏഴ് വയസുവരെയുള്ള ഏഴുമക്കളുടെ പിതാവാണ് ഇദ്ദേഹം. ഇതിൽ മൂന്ന് പേർ പെൺമക്കളാണ്.
ഈ മരണങ്ങൾക്കെല്ലാം പുറമെയാണ് കുടുംബത്തിലെ നാല് സ്ത്രീകൾ കൂട്ടബലാൽസംഗത്തിനിരയായത്. സഹോദര ഭാര്യയുടെ പ്രസവത്തിന്‍റെ ആവശ്യത്തിനായി കരുതിയിരുന്ന 47,500 രൂപയും കൊള്ളസംഘം തട്ടിയെടുത്തു.
"തലമുറകളായി കൊല്ലപ്പണി ചെയ്തുവരുന്ന കുടുംബമാണ് ഞങ്ങളുടേത്. കഴിഞ്ഞ രാത്രി മൂന്ന് വയസായ മകനെ നോക്കാനേൽപ്പിച്ച് പോകുമ്പോൾ ഞാൻ കരുതിയിരുന്നില്ല, സഹോദരരിൽ ഞാൻ മാത്രമായിരിക്കും ഇനി അവശേഷിക്കുകയെന്ന്." നാലു സഹോദരന്മാരിൽ അവശേഷിക്കുന്നയാളും കുടുംബനാഥനുമായ സഹോദരൻ പറയുന്നു.
െജവാറിലെ കോളനിയിൽ താമസിക്കുന്ന കുടുംബത്തിന്‍റെ അയൽക്കാരും വാർത്തയറിഞ്ഞത് മുതൽ ഞെട്ടലിലാണ്. പൊലീസുകാർ നിറഞ്ഞ ചെറിയ ഇടവഴിയിൽ മൃതദേഹം വഹിച്ചുവരുന്ന വാഹനവും കാത്തിരിക്കുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
