മുംബൈ: ബുള്ളി ബായ് ആപ്പ് വിവാദവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത 18 വയസ്സുകാരിയോട് അനുകമ്പ കാണിക്കാന്‍ അഭ്യർഥിച്ച് മുതിർന്ന ഗാനരചയിതാവായ ജാവേദ് അക്തർ. 18കാരി ചെയ്തത് ഗുരുതരമായ തെറ്റാണെങ്കിലും അടുത്തിടെ കാൻസറും കൊറോണയും ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട അവരുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കികൊണ്ട് പ്രതികരിക്കണമെന്നും ജാവേദ് അക്തർ പറഞ്ഞു.
ബുധനാഴ്ച ട്വിറ്ററിലൂടെയാണ് പെൺകുട്ടിയോട് ക്ഷമിക്കാനും അനുകമ്പ കാണിക്കാനും അക്തർ അഭ്യർത്ഥിച്ചത്.
മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുന്ന 'ബുള്ളി ബായ്' ആപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് 18 വയസ്സുകാരിയായ പെൺകുട്ടി. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്ലീം സ്ത്രീകളെയാണ് ചിത്രസഹിതം ലേലത്തിന് വെച്ചിരുന്നത്.
ബുള്ളി ആപ്പുമായി ബന്ധപ്പെട്ട് യുവതിക്ക് മൂന്ന് അക്കൗണ്ടുകളാണ് ഗിത് ഹബിൽ ഉണ്ടായിരുന്നത്. പെൺകുട്ടിയെ കൂടാതെ 21 കാരായ എഞ്ചിനീയറിംഗ് വിദ്യാർഥിയെയും ഉത്തരാഖണ്ഡിൽ നിന്നുള്ള വിദ്യാർഥിയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ മൂന്ന് അറസ്റ്റുകളാണ് കേസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.