ജനാധിപത്യത്തിന്റെ അടയാളമായി ജന്തർ മന്തർ; പോരാട്ടങ്ങളുടെ വേദിയായ ചരിത്രഭൂമി ഓർമയാകുന്നു
text_fieldsന്യൂഡൽഹി: അധികാരികളുടെ ശ്രദ്ധയിൽ തങ്ങളുടെ ശബ്ദമെത്തുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ ഒത്തുചേർന്ന ഇടം. അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ നിരാഹാരസമരം മുതൽ നിർഭയ കേസിനെത്തുടർന്നുള്ള പ്രക്ഷോഭങ്ങളും നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരങ്ങളും വരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യംവഹിച്ച ജന്തർ മന്തർ പതിറ്റാണ്ടുകളായി ജനാധിപത്യത്തിന്റെ അടയാളമായി നിലകൊള്ളുന്നു.
എന്നാൽ, ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധവേദിയായി നിശ്ചയിച്ച വിജ്ഞാപനം ഡൽഹി പൊലീസ് റദ്ദാക്കിയതോടെ ജനങ്ങളുടെ ശബ്ദം അധികാരികളിലെത്തിക്കാനുള്ള ഇടമെന്ന നിലയിൽ ഈ ചരിത്രപ്രധാനമായ സ്ഥലത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന ആശങ്ക ഉയരുകയാണ്.
അഴിമതി, അനീതി, സ്ത്രീ സുരക്ഷ, സാമ്പത്തിക നയങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള ജനങ്ങൾ ഒത്തുചേർന്ന വേദിയായിരുന്നു തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ജന്തർ മന്തർ. ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന വിഷയങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ നിരവധി പേർക്ക് ഈ വേദി സഹായകമായി.
1993ൽ സർക്കാറിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയതക്കുമെതിരെ 33 സംഘടനകൾ ചേർന്ന് നടത്തിയ ‘ജയിൽ നിറക്കൽ’ സമരമാണ് ഇവിടെ നടന്ന ശ്രദ്ധേയമായ ആദ്യകാല പ്രക്ഷോഭങ്ങളിലൊന്ന്. ഏകദേശം 25,000 പേർ സമരത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം അണ്ണാ ഹസാരെയിലൂടെ ജന്തർ മന്തർ രാജ്യവ്യാപക ശ്രദ്ധ നേടി. അഴിമതി തടയാൻ ശക്തമായ ജൻ ലോക്പാൽ ബിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2011 ഏപ്രിൽ അഞ്ചിന് ഹസാരെ അഞ്ചുദിവസത്തെ നിരാഹാരസമരം ആരംഭിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ സംയുക്ത കരട് സമിതിക്ക് രൂപം നൽകിയതോടെയാണ് ഹസാരെ സമരം അവസാനിപ്പിച്ചത്.
2012 ഡിസംബറിൽ രാജ്യം മുഴുവൻ നടുങ്ങിയ ‘നിർഭയ’ സംഭവത്തെത്തുടർന്ന് വൻ യുവജന പ്രതിഷേധത്തിനാണ് ഈ വേദി സാക്ഷ്യം വഹിച്ചത്. 2014ൽ വംശീയ അധിക്ഷേപത്തിന് ഇരയായി കൊല്ലപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനക്കാരനായ വിദ്യാർഥി നിഡോ താനിയക്ക് നീതി തേടിയും സമരം നടന്നു. 2017ൽ കടാശ്വാസവും വരൾച്ചാ സഹായവും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കർഷകർ നടത്തിയ 41 ദിവസം നീണ്ട സമരവും ഇവിടെയാണ് നടന്നത്.
2023ൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ പ്രമുഖ ഗുസ്തി താരങ്ങൾ നടത്തിയ ധർണയും ജനശ്രദ്ധ നേടി. 2024ലും 2026ലും നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തിയ ശക്തമായ സമരങ്ങൾ ജന്തർ മന്തറിലാണ് കേന്ദ്രീകരിച്ചത്. 2026ലെ നീറ്റ് വിരുദ്ധ സമരം തെരുവുകളിലേക്ക് പടരുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി വഴിതുറക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ഭരണകൂടത്തിന്റെ ആസ്ഥാനത്തോട് ചേർന്നുനിൽക്കുന്ന ഈ വേദി ഇല്ലാതാക്കുന്നത് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സമര പങ്കാളികളും സാമൂഹിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

