ജന്തർമന്തർ സമരം: സൗരവ് ദാസും അശുതോഷ് റാങ്കയും ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരായി
text_fieldsന്യൂഡൽഹി: ജന്തർ മന്തറിൽ നിരോധനം ലംഘിച്ച് അതിക്രമിച്ചു കയറിയ കേസുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായി. ചോദ്യം ചെയ്യലിന് സമൻസ് ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ചയാണ് ഇരുവരും രാജൗരി ഗാർഡൻനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ഒക്ടോബർ 13ന് സമരങ്ങൾക്ക് നിരോധനമുള്ള ജന്തർ മന്തറിൽ അതിക്രമിച്ചു കടന്നതിനാണ് ഇവരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നത്.
ഈ കേസിൽ ഒക്ടോബർ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് പുറമെ മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെക്കും സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് ഇവർ ആരും തന്നെ ഹാജരായിരുന്നില്ല. അന്ന് എത്താൻ കഴിയില്ലെന്ന വിവരം അശുതോഷ് റാങ്ക പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. പുതിയ തീയതി ക്രൈംബ്രാഞ്ച് അറിയിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
നിശ്ചിത വഴികളിലൂടെയല്ലാതെ സമരകേന്ദ്രത്തിൽ പ്രവേശിച്ചുവെന്നും സമാധാനാന്തരീക്ഷം തകർത്തുവെന്നുമാണ് ഇവർക്കെതിരെയുള്ള പൊലീസിന്റെ ആരോപണം. തുടർന്ന്, ഒക്ടോബർ 21ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യവ്യവസ്ഥകളുടെയും സമാധാനം പാലിക്കുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിൽ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്. നിയമങ്ങൾ പാലിക്കുമെന്നും സമാധാനം ലംഘിക്കില്ലെന്നും ഇരുവരും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി അനുമതി ലഭിക്കുന്നത് വരെ ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ലെന്നും, ഭാവിയിലെ സമരങ്ങൾ ഭരണഘടനാനുസൃതമായി മാത്രമേ നടത്തൂ എന്നും അവർ ഉറപ്പുനൽകിയിട്ടുണ്ട്.

