ജന്തർ മന്തർ സംഘർഷം; സുപ്രീംകോടതി സമിതിയുടെ തെളിവെടുപ്പ് 29, 30 തീയതികളിൽ
text_fieldsന്യൂഡൽഹി : ജന്തർ മന്തറിൽ ജൂലൈയിൽ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി ഒക്ടോബർ 29, 30 തീയതികളിൽ തെളിവുകൾ പരിശോധിക്കും. പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തെ കുറിച്ച് പരാതികളും തെളിവുകളും സമർപ്പിക്കാൻ അന്വേഷണ സമിതി ഓൺലൈൻ പോർട്ടൽ ആരംഭച്ചിരുന്നു. ജനങ്ങൾ സമർപ്പിച്ച പരാതികളും വിശദീകരണങ്ങളും തെളിവുകളും സമിതി പരിഗണിക്കും.
പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം, വനിതാ പ്രതിഷേധകർക്കെതിരായ ഉപദ്രവം, ആസൂത്രിത ആക്രമണം, അമിത ബലപ്രയോഗം, ഇരുവിഭാഗങ്ങളുടെയും ഭാഗത്തുനിന്നുള്ള സ്വത്തുനാശം തുടങ്ങിയ വിഷയങ്ങളാണ് സമിതി പരിശോധിക്കുക. പൊലീസിനെതിരായ അക്രമ ആരോപണങ്ങളും സമിതി അന്വേഷിക്കും. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ ഉന്നതതല അന്വേഷണ സമിതിയാണ് ഹിയറിങ് നടത്തുന്നത്. ന്യൂഡൽഹിയിലെ ശിക്ഷാ സദനിലെ സമിതി ഓഫിസിൽ രാവിലെ 11 മുതൽ നടപടികൾ ആരംഭിക്കും. പരാതികളും തെളിവുകളും നേരിട്ട് സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയും അവസരമുണ്ട്. ഇതിനായി സാധുവായ തിരിച്ചറിയൽ രേഖ നിർബന്ധമാണ്.
ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചിരുന്നു. പെല്ലറ്റ് തോക്കുകൾ മൂലമെന്നു സംശയിക്കുന്ന പരിക്കുകളോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

