ധർമസ്ഥലയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ്: ‘പള്ളികളിലും ശവസംസ്കാരം നടത്തുന്നില്ലേ? ധർമസ്ഥലക്കെതിരായ ചെളിയേറ് ദുഃഖകരം’
text_fieldsമംഗളൂരു: ക്ഷേത്രനഗരിയിലെ കൂട്ട ശവസംസ്കാരം സംബന്ധിച്ച പരാതി അന്വേഷിക്കുന്നതിനിടെ ധർമസ്ഥലക്കെതിരെ ചെളിവാരിയെറിയുന്നതിൽ താൻ അതീവ ദുഃഖിതനാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജനാർദന പൂജാരി. ഉള്ളാൾ തൊക്കോട്ട് മുദ്ദുകൃഷ്ണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പള്ളികളിലും ശവസംസ്കാരം നടത്തുന്നില്ലേ? എന്തിനാണ് ധർമസ്ഥലയെ മാത്രം പഴിക്കുന്നത്? ഞങ്ങൾ ധർമസ്ഥല ധർമ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പിക്കൊപ്പം ഉറച്ചുനിൽക്കുന്നു. കുദ്രോളി ക്ഷേത്രം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. എസ്.ഐ.ടി ധർമസ്ഥല മുഴുവൻ കുഴിച്ചാലും അവർക്ക് ഒന്നും കണ്ടെത്താനാവില്ല. ക്ഷേത്രപരിസരത്ത് മരിച്ചവരെ സംസ്‌കരിക്കുന്നത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണ്’ -അദ്ദേഹം പറഞ്ഞു.
‘ധർമസ്ഥല പോലുള്ള ഒരു ക്ഷേത്രം കൈകാര്യം ചെയ്യുന്നതിന്റെ വെല്ലുവിളികൾ തനിക്കറിയാം. ജൈനമതക്കാർക്ക് മാത്രമല്ല, എല്ലാ സമുദായങ്ങൾക്കും ധർമസ്ഥല പവിത്രമാണ്. ആർക്കും ധർമസ്ഥലയെ നശിപ്പിക്കാൻ കഴിയില്ല. താൻ കുദ്രോളി ക്ഷേത്രത്തിന്റെയും ധർമസ്ഥലയുടെയും ഭക്തനാണ്. മുഖ്യമന്ത്രി, നിങ്ങൾ എന്താണ് ചെയ്യുന്നത്? ധർമസ്ഥലയുടെ പേര് ചെളിയിൽ വലിച്ചിഴയ്ക്കപ്പെടുന്നു. ഞാൻ അത് അനുവദിക്കില്ല’ -പൂജാരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പൂജാരി വിമർശനവുമായി രംഗത്തെത്തി. ‘പ്രധാനമന്ത്രി മോദി കർണാടകയിലായിരുന്നു. ധൈര്യവും ശക്തിയും ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ധർമസ്ഥലയിൽ വന്ന് ഒരു പ്രസംഗം നടത്താമായിരുന്നു’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

