`എന്‍റെ മകന് ഒരവസരം കൂടെ നൽകൂ, പൊലീസ് നടത്തിയ ഏറ്റുമുട്ടൽ നാടകം'; പത്താം ക്ലാസുകാരിക്കെതിരെ ആക്രമണം നടത്തിയ പ്രതിയുടെ അമ്മ
text_fieldsജമുയി: ബിഹാറിലെ ജമുയിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സുഹൃത്തിനെയും ഉപദ്രവിച്ച പ്രധാന പ്രതിയെ പൊലീസ് ഏറ്റുമുട്ടലിനിടെ വെടിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിയുടെ മാതാവ്. പൊലീസ് നടത്തിയ ഏറ്റുമുട്ടൽ നാടകമാണെന്നും മകനെ വെടിവെക്കുന്നതിന് മുമ്പ് ഓടാൻ നിർബന്ധിച്ചെന്നും മാതാവ് ആരോപിച്ചു. മകന് ഒരവസരം കൂടി സർക്കാർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. നദിക്കരയ്ക്ക് സമീപത്തെ കാലിത്തൊഴുത്തിനടുത്തുനിന്നാണ് മകനെ പൊലീസ് പിടികൂടിയതെന്നും പിന്നീട് ഏറ്റുമുട്ടൽ യഥാർഥമാണെന്ന് തോന്നിപ്പിക്കാൻ ആയുധങ്ങളും മറ്റും മകന്റെ കൈയിൽ പൊലീസ് വെച്ചതായും അവർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ആദ്യം തനിക്ക് വിവരമൊന്നും ലഭിച്ചില്ലെന്നും പിന്നീട് അറിയുകയായിരുന്നെന്നും മാതാവ് പറഞ്ഞു.
`നദിക്കരയ്ക്കടുത്ത് എരുമകൾക്കിടയിൽനിന്നാണ് മകനെ പിടികൂടിയത്. നദി തൊട്ടടുത്തുതന്നെയുണ്ട്. കൃത്യമായ സമയം അറിയില്ലെങ്കിലും പകൽ സമയത്താണ് സംഭവം. പൊലീസ് തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതിനാൽ മകനെ എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് അറിയില്ല' അവർ പറഞ്ഞു. ഒരു ഗ്രാമവാസി ഫോണിൽ വിളിച്ച് സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മകൻ അവിടേക്ക് പോയതെന്നും മാതാവ് പറഞ്ഞു. മകൻ നിരപരാധിയാണെന്നും ഒരവസരം കൂടി നൽകി തിരുത്താൻ അനുവദിക്കണമെന്നും അവർ സർക്കാറിനോട് ആവശ്യപ്പെട്ടു. `എന്റെ മകൻ നിരപരാധിയാണ്. ഗ്രാമത്തിലെ ഒരു കുട്ടി ഫോണിൽ വിളിച്ച് അവിടേക്ക് വരാൻ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് അവൻ പോയത്. ഇനി ഒരു അവസരം കൂടി നൽകി തിരുത്താൻ അനുവദിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. വേറെ എന്താണ് പറയാനുള്ളത്?' അവർ ചോദിച്ചു.
പൊലീസിനെ കണ്ടപ്പോൾ മകൻ മാപ്പ് പറഞ്ഞെങ്കിലും അവനെ അധിക്ഷേപിക്കുകയും ഓടാൻ നിർബന്ധിക്കുകയും ചെയ്തതുവെന്നാണ് മാതാവ് അവകാശപ്പെടുന്നത്. രണ്ട് അടി മാത്രം ഓടിയതിന് പിന്നാലെ കാലിൽ വെടിവെച്ചെന്നും അവർ പറഞ്ഞു. “രണ്ട് അടി മാത്രമാണ് അവന്‍ ഓടിയത്. അപ്പോഴേക്കും കാലിൽ വെടിവെച്ചു. ജോലി സംരക്ഷിക്കാനും ഏറ്റുമുട്ടൽ യഥാർഥമാണെന്ന് കാണിക്കാനുമായി മകന്റെ കൈയിൽ ആയുധങ്ങളും നൽകി. അവന്റെ കൈയിൽ തോക്കോ വെടിയുണ്ടയോ ഇല്ല' മാതാവ് ആരോപിച്ചു. മകനെ കാലിലാണ് വെടിവെച്ചതെന്ന് താൻ നേരിട്ട് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്നും ആളുകൾ പറയുന്നതാണ് അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വീട്ടിൽനിന്ന് മാറിത്താമസിക്കുന്ന പ്രതി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നെന്നും മാതാവ് പറഞ്ഞു. മാതാപിതാക്കളുടെ വീട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടുവരാനായി മകൻ വീട്ടിലെത്തിയതായിരുന്നു. പിന്നീട് കൃഷിപ്പണികളിൽ സഹായിക്കാനായി വീട്ടിൽ തുടരുകയായിരുന്നു. വിശ്വകർമ പൂജയ്ക്ക് ശേഷം മടങ്ങിപ്പോകാനായിരുന്നു പദ്ധതിയെന്നും അവർ പറഞ്ഞു. അതേസമയം മകനൊപ്പം ഉണ്ടായിരുന്ന മറ്റ് അഞ്ചുപേർക്കും ഒരേ ശിക്ഷ നൽകണമെന്നും എല്ലാവരെയും വെടിവെക്കണമെന്നുമാണ് പ്രതിയുടെ മാതാവിന്‍റെ ആവശ്യം. സെപ്റ്റംബർ 22നാണ് ജമുയി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സുഹൃത്തിനെയും ഉപദ്രവിച്ചെന്ന കേസിലെ പ്രധാന പ്രതിയെ പൊലീസ് ഏറ്റുമുട്ടലിനിടെ കാലിൽ വെടിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

