കുറ്റം തെളിയും മുമ്പേ എഫ്.ഐ.ആർ; പൊലീസിനെതിരെ വിമർശനവുമായി ജമ്മു ഹൈകോടതി
text_fieldsശ്രീനഗർ: കുറ്റം തെളിയുന്നതിന് മുന്നോടിയായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ പൊലീസിനെ വിമർശിച്ച് ജമ്മു കശ്മീർ ഹൈകോടതി. 2019ലെ ആയുധക്കടത്ത് കേസിൽ അറസ്റ്റിലായ ട്രക്ക് ഡ്രൈവറുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. പൊലീസ് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ച ഹൈകോടതി കുറ്റകൃത്യത്തിന് ഒരു മണിക്കൂർ മുമ്പ് തന്നെ എഫ്.ഐ.ആർ ഫയൽ ചെയ്തതായി നിരീക്ഷിച്ചു.
എഫ്.ഐ.ആർ ഫയൽ ചെയ്ത സമയവും കുറ്റം നടന്നതായി പറയപ്പെടുന്ന സമയവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ അവഗണിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. യഥാർഥ എഫ്.ഐ.ആർ അന്തിമ പോലീസ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടില്ലെന്നും അതിനുപകരം പ്രൊസിക്യൂഷനിൽ നിന്നുള്ള ഒരു പകർപ്പാണ് ചേർത്തിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്ത വാദത്തിന് നേരിട്ട് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി സമൻസ് അയച്ചിട്ടുണ്ട്.
2019 സെപ്റ്റംബറിൽ ജമ്മു കശ്മീരിലെ ലഖൻപൂരിൽ ആയുധശേഖരങ്ങളും തോക്കുകളും കടത്തിയെന്നാരോപിച്ച് സബീൽ അഹമ്മദ് ബാബയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് രേഖകൾ പ്രകാരം നാല് എ.കെ-56 റൈഫിളുകൾ, രണ്ട് എ.കെ-47 റൈഫിളുകൾ, 180 റൗണ്ട് വെടിയുണ്ടകൾ, ആറ് മാഗസിനുകൾ എന്നിവ ട്രക്കിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസിൽ മറ്റ് നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ജഹാംഗീർ അഹമ്മദ് പാരെ, ഉബൈദ്-ഉൽ-ഇസ്ലാം എന്നിവർ ബാബയുടെ ട്രക്കിലാണ് സഞ്ചരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

