വ്യോമകേന്ദ്രത്തിൽ നടന്നത് ഭീകരാക്രമണമെന്ന് ജമ്മു ഡി.ജി.പി.
text_fieldsശ്രീനഗർ: ജമ്മു വ്യോമകേന്ദ്രത്തിൽ നടന്നത് ഭീകരാക്രമണമെന്ന് ഡി.ജി.പി ദിൽബാഗ് സിങ്. ഭീകരർ കൂടുതൽ സ്ഥലങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവിധ ഏജൻസികൾക്കൊപ്പം അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. മുതിർന്ന വ്യോമസേനാ, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഉന്നതതല യോഗം വ്യോമസേനാ കേന്ദ്രത്തിൽ നടന്നു.
ജമ്മു എയര്‍ഫോഴ്‌സ് ബേസ് സ്‌റ്റേഷനിൽ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.37ന് മേല്‍ക്കൂരയിലായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ച് മിനിറ്റിന് ശേഷം 1.42ന് രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. ഇത്തവണ നിലത്തായിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് സാരമായ പരിക്കേൽക്കുകയും, കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് സംഭവിച്ചതെന്ന് എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ പതിപ്പിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്.