ജമ്മു-കശ്മീരിൽ ബസ് അപകടം; 21പേർ മരിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21പേർ മരിച്ചു. 29പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉധംപുർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവം. രാംനഗറിൽനിന്ന് ഉധംപുരിലേക്ക് പോകുകയായിരുന്ന ബസ് കനോട്ടെ ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
100 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ പ്രദേശത്തെ താമസക്കാരാണ് ആദ്യം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പിന്നീട് പൊലീസും മറ്റ് ജീവനക്കാരും എത്തി രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജതമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
‘ജമ്മു കശ്മീരിലെ ഉദംപൂരിൽ ഉണ്ടായ ബസ് അപകടം വേദനപ്പെടുത്തുന്നതാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവർക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം സഹായധനം നൽകും’’-പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി അറിവായിട്ടില്ല. പ്രാദേശിക അധികാരികളുമായി സംസാരിച്ചുവെന്നും പരിക്കേറ്റവരെ സഹായിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

