Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി വേണം, പ്രമേയം പാസാക്കി നിയമസഭ; പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.എമാർ ഇറങ്ങിപ്പോയി

text_fields
bookmark_border
ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി വേണം, പ്രമേയം പാസാക്കി നിയമസഭ; പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.എമാർ ഇറങ്ങിപ്പോയി
cancel

ശ്രീനഗർ: ജമ്മു കശ്മീരിന് അടിയന്തരമായി പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീർ നിയമസഭ തിങ്കളാഴ്ച പാസാക്കി. പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും സഭയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിനുമിടെയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കടുത്ത വാഗ്വാദമാണ് സഭയിൽ ഉയർന്നത്. 2019 ഓഗസ്റ്റ് അഞ്ചിന് മുമ്പുണ്ടായിരുന്ന ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെക്കുറിച്ചുള്ള പരാമർശങ്ങളെ ബി.ജെ.പി എം.എൽ.എമാർ ശക്തിയായി എതിർത്തു.

പ്രമേയത്തിൽ വിവിധ അംഗങ്ങൾ 10 ഭേദഗതികൾ കൊണ്ടുവന്നിരുന്നു. 2019 ഓഗസ്റ്റിന് മുമ്പ് ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നത് കൂടി പ്രമേയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഇതിൽ എട്ടെണ്ണം. സഭയിൽ വൻ ബഹളം, സ്പീക്കർക്ക് നേരെ പ്രതിഷേധം കോൺഗ്രസ് നിയമസഭാംഗം നിസാം ഉദ്ദിൻ ഭട്ട് ഉമറിന്റെ പ്രമേയത്തിൽ കൊണ്ടുവന്ന ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബി.ജെ.പി അംഗങ്ങൾ അദ്ദേഹത്തെ വളഞ്ഞ് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് "ഭാരത് മാതാ കി ജയ്", "സ്പീക്കർ സാഹിബ് കുർസി ഛോഡോ"സ്പീക്കർ സാഹിബ്, കസേര ഒഴിയൂ'' എന്നീ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി എം.എൽ.എമാർ സഭയുടെ നടുക്കളത്തിലിറങ്ങി.

സ്പീക്കർ അബ്ദുൽ റഹീം രാതർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി, സ്പീക്കർക്കെതിരെ 23 എം.എൽ.എമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മറ്റ് നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വോട്ടെടുപ്പിന് ഇടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അത്തരമൊരു നോട്ടീസ് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ, സഭാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി. സ്പീക്കർക്കെതിരെയുള്ള നോട്ടീസ് നൽകിയാൽ തന്നെ 14 ദിവസത്തിന് ശേഷമേ അത് സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പദവി പ്രമേയത്തിന് പുറമെ അഞ്ച് സുപ്രധാന ബില്ലുകളും മുഖ്യമന്ത്രി ഒമർ അബ്ദുള്ള സഭയിൽ അവതരിപ്പിച്ചു. മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും അലവൻസുകളും ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലുകളും ജമ്മു കശ്മീരിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു.

1956-ലെ മന്ത്രിമാരുടെ ശമ്പള നിയമം, 1960-ലെ നിയമസഭാംഗങ്ങളുടെ ശമ്പളവും അലവൻസും സംബന്ധിച്ച നിയമം, 1984-ലെ പെൻഷൻ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള മൂന്ന് ബില്ലുകളാണ് ഇതിലുള്ളത്.

ഇതിനുപുറമെ, അനുമതി അധിഷ്ഠിത ഭരണരീതിയിൽ നിന്ന് നിയമാധിഷ്ഠിത ഭരണത്തിലേക്ക് മാറുന്നതിനും പൗരന്മാർക്കും ബിസിനസുകൾക്കും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള മറ്റൊരു ബില്ലും മുഖ്യമന്ത്രി അവതരിപ്പിച്ചു. നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക വളർച്ച ഉറപ്പാക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ജമ്മു കശ്മീർ ചരക്ക് സേവന നികുതി (ജി.എസ്.ടി) നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും സഭയുടെ പരിഗണനയ്ക്ക് എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jammu and Kashmir needs full statehood, Assembly passes resolution; BJP MLAs walk out in protest
Next Story