പാകിസ്താനിലേക്ക് നാടുകടത്തിയ 63കാരിയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തോട് ജമ്മു കശ്മീർ ഹൈകോടതി; സമയ പരിധി കഴിഞ്ഞിട്ടും മടക്കിക്കൊണ്ടുവന്നില്ല
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക് പൗരന്മാർക്കെതിരായ നടപടികൾക്കിടെ പാകിസ്താനിലേക്ക് നാടുകടത്തപ്പെട്ട വയോധികയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ജമ്മു കശ്മീർ ലഡാക്ക് ഹൈകോടതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ഉത്തരവിട്ടു. എന്നാൽ, കോടതി നിശ്ചയിച്ച സമയ പരിധി കഴിഞ്ഞിട്ടും രോഗി കൂടിയായ 63കാരിയായ തിരികെകൊണ്ടുവരുന്നതിനുള്ള നടപടികൾ അധികൃതർ കൈകൊണ്ടിട്ടില്ലെന്ന് ആരോപണമുയർന്നു.
‘മനുഷ്യ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഘടകമാണ് മനുഷ്യാവകാശങ്ങൾ. അതിനാൽ ഒരു കേസിന്റെ ഗുണദോഷങ്ങൾ എന്തുതന്നെയായാലും കാലക്രമേണ മാത്രമേ അത് തീർപ്പാക്കാൻ കഴിയൂ. ഹരജിക്കാരിയെ നാടുകടത്തലിൽ നിന്ന് തിരികെ കൊണ്ടുവരാൻ ആഭ്യന്തര മന്ത്രാലയത്തിനും ഇന്ത്യാ ഗവൺമെന്റിനോടും ഈ കോടതി നിർദേശിക്കുന്നു’വെന്ന് ജസ്റ്റിസ് രാഹുൽ ഭാരതി ജൂൺ 6ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു.
‘ഹരജിക്കാരിക്ക് ദീർഘകാല വിസ പദവി ഉണ്ടായിരുന്നു. അത് അവരെ നാടുകടത്തുന്നതിൽ പരിഗണിച്ചില്ലായിരിക്കും. പക്ഷേ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നാടുകടത്തൽ സംബന്ധിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. എന്നിട്ടും അവർ നിർബന്ധിതമായി പുറത്താക്കപ്പെട്ടു’വെന്ന് ജസ്റ്റിസ് ഭാരതി പറഞ്ഞു.
റാഷിദിനെ തിരികെ കൊണ്ടുവരാൻ കോടതി 10 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും കോടതിയുടെ ഉത്തരവ് പ്രകാരം ജമ്മു കശ്മീർ അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ അങ്കുർ ശർമ്മ പറഞ്ഞു.
നാടുകടത്തപ്പെട്ടതിനുശേഷം റാഷിദ് ലാഹോറിലെ ഒരു ഹോട്ടലിൽ തനിച്ച് താമസിച്ചുവരികയാണെന്നും ഇന്ത്യയിൽ നിന്ന് പോവുമ്പോൾ കയ്യിൽ കരുതിയ പണം പെട്ടെന്ന് തീർന്നുപോകുമെന്നും മകൾ ഫലക് ഷെയ്ഖ് ആശങ്ക അറിയിച്ചു.
ഹരജിക്കാരിയായ പാക് വംശജയായ രക്ഷന്ദ റാഷിദ്, ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം കഴിഞ്ഞ 38 വർഷമായി ജമ്മുവിൽ താമസിച്ചുവരികയായിരുന്നു. ‘ദീർഘകാല വിസയിൽ അവർ ഇവിടെ ഉണ്ടായിരുന്നു. 1996ൽ തന്നെ അവർ പൗരത്വത്തിന് അപേക്ഷിച്ചു. പക്ഷേ, അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല. അവരുടെ എല്ലാ സഹോദരിമാരും മറ്റ് രാജ്യങ്ങളിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. പാകിസ്താനിൽ അടുത്ത ബന്ധുക്കളില്ല. അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോകാവുന്ന കറൻസിയുടെ പരിധി കാരണം 50,000 രൂപ മാത്രമേ കൂടെ കരുതിയിരുന്നുള്ളൂ. താമസിയാതെ അവരുടെ പണം തീർന്നുപോകും’- മകൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘ആദ്യം അവർ ഒരു സ്ഥലത്ത് പേയിങ് ഗസ്റ്റ് ആയി താമസിച്ചു. തുടർന്ന് ലാഹോറിലെ ഒരു ഹോട്ടലിലേക്ക് മാറി. ഇനി അവരുടെ ഫോൺ പ്രവർത്തിക്കുന്നതും നിലക്കും. വിദേശ സിമ്മുകൾ പാകിസ്താനിൽ പ്രവർത്തിക്കില്ല. അവർക്ക് ഒരു പ്രാദേശിക സിം കാർഡ് വാങ്ങാനും കഴിവില്ല. അന്താരാഷ്ട്ര റോമിംഗ് നിലനിർത്താൻ 30,000 മുതൽ 40,0000 വരെ നൽകേണ്ടിവരും. അത് അവരുടെ പക്കലില്ലെന്നും മകൾ കൂട്ടിച്ചേർത്തു.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനാണ് രക്ഷന്ദയുടെ ഭർത്താവ് ഷെയ്ഖ് സഹൂർ അഹമ്മദ്. തന്റെ ഭാര്യക്ക് പാകിസ്താനിൽ പരിചരണത്തിനും കസ്റ്റഡിക്കും ആരുമില്ല. പ്രത്യേകിച്ച് അവർ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സമയത്തും ആരോഗ്യവും ജീവനും അപകടത്തിലാകുമ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വയം പരിപാലിക്കേണ്ടിവരികയാണെന്ന് സഹൂർ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

