ജമ്മു കശ്മീർ മേഘവിസ്ഫോടനം; മരണസംഖ്യ 64 ആയി
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഉണ്ടായ വൻ മേഘവിസ്ഫോടനത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 64 ആയി ഉയർന്നു. രക്ഷാപ്രവർത്തനം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് വീണ്ടും രക്ഷാപ്രവർത്തനം ആരംഭിച്ചത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു വ്യക്തിയുടെ ശരീരത്തിന്റെ ഭാഗം സ്നിഫർ നായ്ക്കൾ കണ്ടെത്തിയിട്ടുണ്ട്.
മിന്നൽ പ്രളയം ഏറ്റവുമധികം ബാധിച്ച ലാങ്കറിന് (കമ്മ്യൂണിറ്റി കിച്ചൺ) സമീപമുള്ള സ്ഥലത്ത് മണ്ണുമാന്തി യന്ത്രങ്ങളും സ്നിഫർ നായ്ക്കളും ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്. മച്ചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേക്കുള്ള റോഡിലെ ഓഗസ്റ്റ് 14 നാണ് വൻ മേഘവിസ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന ഉദ്യോഗസ്ഥരും മച്ചൈൽ മാതാ തീർത്ഥാടകരും ഉൾപ്പെടുന്നു.
39 പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. 167 പേരെ രക്ഷപ്പെടുത്തി. മേഘവിസ്ഫോടനത്തിന്റെ ആഘാത മേഖല വളരെ വലുതാണെന്നും പൊലീസ്, കരസേന, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് എസ്.ഡി.ആർ.എഫ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
മേഘവിസ്ഫോടനത്തെ തുടർന്ന് വൻ നാശ നഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്. മച്ചൈൽ മാതാ യാത്രക്കാർക്ക് ഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ, മൂന്ന് ക്ഷേത്രങ്ങൾ, പാലം,16 വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, 12 വാഹനങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ, ഹോട്ടലുകളും ചെക്ക് പോസ്റ്റുകളും കെട്ടിടങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി.
മച്ചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേക്കും അടുത്തുള്ള ഗ്രാമത്തിലേക്കും എത്താനായി കരസേന എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള തീർഥാടനം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. പൊലീസ്, സൈന്യം, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന , സി.ഐ.എസ്.എഫ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

