ജമ്മു-കശ്മീർ: 370ാം വകുപ്പിനെതിരായ ഹരജിയിൽ വാദംകേൾക്കൽ ഏപ്രിലിൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പിെൻറ സാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ അടുത്ത ഏപ്രിലിൽ സുപ്രീം കോടതി വാദംകേൾക്കും. ജമ്മു-കശ്മീർ, കേന്ദ്ര സർക്കാറുകളുടെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കൽ ഏപ്രിൽ ആദ്യവാരത്തേക്ക് നീട്ടിവെച്ചത്.
സംസ്ഥാനത്ത് നിലവിലെ സ്ഥിതി സംഘർഷഭരിതമായതിനാൽ ഇപ്പോൾ വാദം കേൾക്കരുതെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. ഒമ്പതു ഘട്ടങ്ങളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാറിെൻറ പ്രതിനിധികളായ അഭിഭാഷകർ രാകേഷ് ദ്വിവേദിയും ഷുെഎബ് ആലവും കത്തുനൽകി.
ഇരു നിർദേശവും പരിഗണിച്ച ബെഞ്ച്, കശ്മീരികൾക്ക് പ്രത്യേക അവകാശങ്ങൾ അനുവദിക്കുന്ന 35എ വകുപ്പിനെതിരെ സമർപ്പിച്ച പരാതികളിലും ഇതോടൊപ്പം വാദം കേൾക്കാമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, രണ്ടും തീർത്തും വ്യത്യസ്തമായ വിഷയങ്ങളാണെന്നും ഒന്നിച്ചു പരിഗണിക്കരുതെന്നും സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന അഭിഭാഷകർ പറഞ്ഞു.
