ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്‌ഫോടനം; ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയം, ലക്ഷ്യമിട്ടത് ഹെലികോപ്ടറുകളെ
text_fieldsശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്‌സ് ബേസ് സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയം. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ ബേസ് സ്‌റ്റേഷന്റെ മേല്‍ക്കൂരയില്‍ പതിപ്പിക്കുകയായിരുന്നെന്ന് സംശയിക്കുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തുന്ന ആദ്യ ആക്രമണമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.
ബേസ് സ്റ്റേഷനിലെ ഹെലികോപ്ടറുകളെയാവാം ശത്രുക്കള്‍ ലക്ഷ്യമിട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് പുലര്‍ച്ചെ 1.37നായിരുന്നു ആദ്യ സ്‌ഫോടനം. മേല്‍ക്കൂരയിലായിരുന്നു സ്‌ഫോടനം സംഭവിച്ചത്. അഞ്ച് മിനിറ്റിന് ശേഷം 1.42ന് രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. ഇത്തവണ നിലത്തായിരുന്നു പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കേടുപാടുകള്‍ സംഭവിച്ചു. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് സംഭവിച്ചതെന്ന് എയര്‍ഫോഴ്‌സ് സ്ഥിരീകരിച്ചു.
സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. വന്‍ സുരക്ഷാ മേഖലകളില്‍ പോലും ഭീഷണി സൃഷ്ടിക്കുന്നവയാണ് ഇത്തരം നീക്കങ്ങള്‍. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണുകളില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.
വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡര്‍ എയര്‍ മാര്‍ഷല്‍ വി.ആര്‍. ചൗധരി ജമ്മു എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തും. എയര്‍ഫോഴ്‌സിന്റെ അന്വേഷണത്തിന് പുറമേ എന്‍.ഐ.എയും ജമ്മു എയര്‍ സ്റ്റേഷനിലെത്തിയിട്ടുണ്ട്.